ഇഴഞ്ഞിഴഞ്ഞ് തീരദേശ ഹൈവേ
സ്ഥലം ഏറ്റെടുക്കൽ എങ്ങുമെത്തുന്നില്ല
പൂവാർ: സംസ്ഥാനത്തെ തീരദേശ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന തീരദേശ ഹൈവേയുടെ നിർമ്മാണം ഇഴയുന്നതായി സൂചന. കല്ലിടൽ പൂർത്തിയായെങ്കിലും കൊല്ലംകോട് മുതൽ കോവളം ജംഗ്ഷൻ വരെയുള്ള ആദ്യ റീച്ചിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.എന്നാൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ എങ്ങുമെത്താതെ നീളുകയാണ്.പാത നിർമ്മിക്കാനുള്ള വസ്തു ഏറ്റെടുക്കുന്നതിന് ആവശ്യമായ 11വൺ നോട്ടിഫിക്കേഷൻ കഴിഞ്ഞ ഏപ്രിലിൽ പുറപ്പെടുവിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിൽ നിന്ന് ഭൂവുടമകൾക്കും സ്ഥാപന ഉടമകൾക്കും നോട്ടീസ് കൈമാറി.ഇനി വേണ്ടത് 19വൺ നോട്ടിഫിക്കേഷനും വസ്തുവിന്റെ വില നിശ്ചയവും,ഏറ്റെടുക്കലുമാണ്.ഇവ പൂർത്തീകരിച്ചാൽ മാത്രമേ റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിയൂ.
എവിടെ വരെ
കൊല്ലംകോട് മുതൽ അടിമലത്തുറ വരെ പുതിയ റോഡും തുടർന്ന് കോവളം ജംഗ്ഷനിലെ എൻ.എച്ച് 66ൽ സമാപിക്കുന്നതുമാണ് ആദ്യ റീച്ച്. അവിടെനിന്ന് കുമരിച്ചന്ത വരെ എൻ.എച്ച് 66 തീരദേശ ഹൈവേയുടെ ഭാഗമാകും.കൊല്ലംകോട് മുതൽ കാസർകോട് വരെ നീളുന്ന തീരദേശ ഹൈവേയുടെ ജില്ലാതിർത്തി കാപ്പിൽ വരെയാണ്.
മറ്റ് സൗകര്യങ്ങൾ
14 മുതൽ 15.6മീറ്റർ വരെ വീതിയിൽ നിർമ്മിക്കുന്ന റോഡിന്റെ ഒരു വശത്ത് 7 മീറ്റർ വീതിയിൽ നടപ്പാതയും ബസ് വേയും മറുവശത്ത് 2.5മീറ്റർ വീതിയിൽ സൈക്കിൾ വേയുമാണ് ഉണ്ടാവുക. 6500 കോടിയാണ് റോഡ് നിർമ്മാണത്തിനായി പ്രതീക്ഷിക്കുന്ന ചെലവ്.
കടന്നുപോകുന്നവ
സംസ്ഥാനത്തെ 9 ജില്ലകളിലായി 200 ഗ്രാമപഞ്ചായത്തുകളിലൂടെയും 11 നഗരസഭകളിലൂടെയും ഈ പാത കടന്നുപോകും. പുതിയ തീരദേശ ഹൈവേയ്ക്ക് ജില്ലയിൽ മാത്രം 78.54 കി.മീ ദൂരമുണ്ട്. എന്നാൽ സംസ്ഥാനത്താകെ 623.15 കി.മീ റോഡ് വരുമ്പോൾ 28 കി.മീ മാത്രമേ പുതിയ റോഡ് നിർമ്മിക്കേണ്ടി വരൂവെന്നാണ് അധികൃതർ പറയുന്നത്.
പാരിസ്ഥിതിക പ്രശ്നം
ബ്രേക്ക് വാട്ടറിൽ പാലം വരുന്നതോടെ നിലവിലെ കണ്ടൽക്കാടുകളുടെ നാശവും പൂവാർ പൊഴിക്കരയുടെ പ്രകൃതിഭംഗിയും നശിക്കുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകരിലുണ്ട്. റോഡിനായി നിർമ്മിക്കുന്ന പുതിയ പാലം പൂവാറിലെ വലിയ പാലത്തിന് സമീപം നിർമ്മിക്കാനായാൽ നശിപ്പിക്കേണ്ടിവരുന്ന കണ്ടൽക്കാടുകളുടെ വിസ്തൃതിയിലും പൊഴിയൂരിൽ ഒഴിപ്പിക്കേണ്ടിവരുന്ന വീടുകളുടെ എണ്ണത്തിലും കുറവ് കണ്ടെത്താൻ കഴിയുമെന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത്.
തീരദേശ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര പഠനം വേണം
സുരേഷ് കുമാർ.ബി.എസ്
ദേശീയ പരിസ്ഥിതി പ്രവർത്തകൻ.