വീട്ടമ്മയുടെ മരണം ആത്മഹത്യ, കോൺഗ്രസ് നേതാവിന്റെ പീഡനമെന്ന് മകൻ

Saturday 11 October 2025 2:20 AM IST

നെയ്യാറ്റിൻകര: ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് പെരുമ്പഴുതൂർ സ്വദേശി ഭാര്യ സലിതകുമാരി (50) കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സിലിണ്ടർ അപകടത്തിലല്ല, മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നും കോൺഗ്രസ് നേതാവിന്റെ പീഡനമാണ് മരണത്തിന് പിന്നിലെന്നും മകൻ രാഹുൽ കെന്നസ് ആരോപിച്ചു.

ഫോറൻസിക് പരിശോധനയ്‌ക്കിടെ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഡി.സി.സി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോസ് ഫ്രാങ്ക്ളിന്റെ ലൈംഗിക പീഡനത്തിൽ മനംനൊന്താണ് മാതാവ് ജീവനൊടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ടെന്ന് രാഹുൽ കെന്നസ് വ്യക്തമാക്കി. സബ്സിഡിയുള്ള വായ്പ നൽകാമെന്ന് മോഹിപ്പിച്ചാണ് പീഡിപ്പിച്ചതെന്നും മകൻ ആരോപിച്ചു. അതേസമയം ജോസ് ഫ്രാങ്ക്ളിൻ ആരോപണം നിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് സലിതകുമാരിക്ക് വീട്ടിൽ വച്ചുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. നിലവിളി കേട്ടെത്തിയ മകനും അയൽവാസികളും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സലിതകുമാരി വീടിന് സമീപത്ത് ബേക്കറി നടത്തിവരികയായിരുന്നു. ആദ്യഘട്ടത്തിൽ ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ തീപിടിത്തമാണെന്നാണ് കരുതിയിരുന്നത്.

എന്നാൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്ന് പിന്നീട് കണ്ടെത്തി. അടുക്കളയിൽ നിന്ന് മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കന്നാസും ലൈറ്ററും കണ്ടെത്തിയതായി രാഹുൽ പറഞ്ഞു. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് ബൈബിളിനകത്ത് മകനും മകൾക്കുമായി എഴുതിയ രണ്ട് കത്തുകൾ കണ്ടെത്തിയത്. മകന്റെയും മകളുടെയും സാന്നിദ്ധ്യത്തിൽ കത്ത് വായിച്ചതിനെ തുടർന്നാണ് മകന്റെ വെളിപ്പെടുത്തൽ. കത്തിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതാവിനെതിരെ സി.പി.എം,ബി.ജെ.പി നേതൃത്വവും രംഗത്തെത്തി.

സംഭവത്തിന് മുമ്പ് ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മകൾ സ്നേഹ കെന്നസിന് ഭക്ഷണം തയ്യാറാക്കി കൊടുത്തതായും പറയുന്നു. ഭർത്താവ് ജനറ്റ് പതിനഞ്ച് വർഷം മുമ്പ് മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.