അങ്കണവാടിയും വീടും തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
വർക്കല: ചെറുകുന്നം പതിമൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയും സമീപത്തെ വീടും വ്യാഴാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. രാവിലെ 9.30ന് ടീച്ചർ അങ്കണവാടി തുറന്നു നോക്കിയപ്പോൾ ജനലിന് സമീപം ചുമരിൽ തൂക്കിയ കലണ്ടർ പകുതി കത്തിയ നിലയിൽ കണ്ടെത്തി. ജനൽ തുറന്നു കിടക്കുന്നതായും കണ്ടു. അരമണിക്കൂർ കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ സമീപത്തെ വീട്ടിലെ അടുക്കളയിൽ തീ പടർന്നു പിടിക്കുന്നതായി കാണുകയും ചെയ്തു. ടീച്ചറുടെയും കുട്ടികളുടെയും നിലവിളി കേട്ട് അങ്കണവാടിയിൽ വന്ന കുട്ടിയുടെ പിതാവ് ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് അടുക്കളയിലെ തീകെടുത്തി. അവിടെ സൂക്ഷിച്ചിരുന്ന പ്ളാസ്റ്റിക് സാധനങ്ങളും ഉണങ്ങിയ തൊണ്ടുമെല്ലാം കത്തിനശിച്ചു.കത്തിയ രണ്ടു സ്ഥലങ്ങളും തമ്മിൽ പത്ത് മീറ്റർ അകലമാണുള്ളത്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വളരെ കൂടുതലാണെന്നും പരസ്യ മദ്യപാനവും ശിവഗിരിയിലെത്തുന്ന ഭക്തരെ ശല്യം ചെയ്യലും പതിവാണെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണമാരംഭിച്ചു.