സ്ത്രീ-കുട്ടികൾക്ക് എതിരെ അതിക്രമം : താഴെത്തട്ടിലെ പ്രതിവിധിക്ക് സമിതികൾ

Saturday 11 October 2025 2:26 AM IST

തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് താഴെത്തട്ടിൽ തന്നെ പ്രതിവിധി ഉറപ്പാക്കാൻ ശക്തമായ 'ജാഗ്രതാ സമിതി' സംവിധാനം സജീവം. താഴെത്തട്ടിൽ നിയമാവബോധം സൃഷ്ടിച്ച് അതിക്രമമുണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കുകയെന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാന വനിതാ കമ്മിഷന്റെ മേൽനോട്ടത്തിലും വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെയും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതി, അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിൽ ജനകീയ ഇടപെടൽ ഉറപ്പുവരുത്തുന്നു. വാർഡ് തലം മുതൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ തലങ്ങൾ വരെ ഈ സംവിധാനമുണ്ട്. ജാഗ്രതാ സമിതിയുടെ പ്രവർത്തനം പരാതി സ്വീകരിക്കലിൽ ഒതുങ്ങില്ല.

പരിഹരിക്കാൻ നിരവധി പ്രശ്‌നങ്ങൾ

ഗാർഹിക പീഡനം, സ്ത്രീധന പ്രശ്‌നങ്ങൾ, സ്വത്തുതർക്കങ്ങൾ, ദാമ്പത്യപ്രശ്‌നങ്ങൾ, ബാലവിവാഹം തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സങ്കീർണ്ണമായ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിച്ച് കൗൺസലിംഗിലൂടെയോ നിയമപരമായ മാർഗങ്ങളിലൂടെയോ പരിഹാരം ഉറപ്പാക്കുന്നു. അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ പൊലീസ്, ആശുപത്രി സേവനങ്ങൾ എന്നിവ ഉറപ്പുവരുത്തും. വിവിധ വകുപ്പുമായി ഏകോപനം സാദ്ധ്യമാക്കുന്ന ഈ സമിതി, പൊതുസ്വഭാവമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും നിയമബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകാനും മുന്നിട്ടിറങ്ങും. പരാതി പരിഹാരത്തോടൊപ്പം ബോധവത്കരണവും പ്രതിരോധവും ശക്തമാക്കുന്നതിലൂടെ ഒരു സുരക്ഷിത സമൂഹം നിർമ്മിക്കാനാണ് ജാഗ്രതാ സമിതി ശ്രമിക്കുന്നത്.

സമിതിയിൽ ഇവർ

അദ്ധ്യക്ഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക്, പഞ്ചായത്ത് അസോസിയേഷൻ നാമനിർദേശം ചെയ്യുന്ന വനിതാ പ്രസിഡന്റുമാർ മുനിസിപ്പൽ അസോസിയേഷൻ നാമനിർദേശം ചെയ്യുന്ന ഒരു മുനിസിപ്പൽ ചെയർപേഴ്‌സൺ

ജില്ലാ പൊലീസ് മേധാവി, ആർ.ഡി.ഒ, വനിതാ വക്കീൽ, എസ്.സി/എസ്.ടി സാമൂഹ്യ പ്രവർത്തക, വനിതാ ശിശു വികസന ജില്ലാ ഓഫീസർ എന്നിവരും അംഗങ്ങൾ.

പരാതികൾ നേരിട്ടറിയിക്കാം

എല്ലാ മാസവും പത്തിനാണ് ജില്ലാ ജാഗ്രത സമിതിയുടെ യോഗം. യോഗങ്ങളിൽ ലഭിച്ച പരാതികളിൻമേൽ നടപടി സ്വീകരിക്കും. പരാതികൾ അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നേരിട്ടറിയിക്കാം.