മലയടി - ചെറുവക്കോണം - പനയ്ക്കോട് റോഡിന് ശാപമോക്ഷം

Saturday 11 October 2025 1:56 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ മലയടി വാർഡിന്റെ പരിധിയിൽപ്പെടുന്ന മലയടി - ചെറുവക്കോണം - പനയ്ക്കോട് റോഡിന് ഒടുവിൽ ശാപമോക്ഷമായി.റോഡ് ഗതാഗത യോഗ്യമാക്കുന്നതിനായി ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു.

മലയടി പനയ്ക്കോട് റോഡിന്റെ ശോചനിയാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സ്കൂൾ വാഹനങ്ങളടക്കം ധാരാളം വാഹനങ്ങളും, നൂറുകണക്കിന് ആളുകളുമാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. മഴക്കാലത്ത് റോഡ് ദുർഘടപാതയായി മാറും. മാത്രമല്ല അപകടങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു.

4 വാർഡുകളെ ബന്ധിപ്പിക്കും

റോഡ് ഗതാഗതയോഗ്യമായാൽ നാല് വാർഡുകളിലുള്ളവർക്ക് ഗുണകരമാകും. മലയടി, തച്ചൻകോട്, തൊളിക്കോട്, കണിയാരംകോട് വാർഡുകളെ തമ്മിൽബന്ധിപ്പിച്ചാണ് റോഡ് നിർമ്മാണം.

ഗതാഗതയോഗ്യമല്ലാതെ

തൊളിക്കോട് പഞ്ചായത്തിലെ മലയടി ജംഗ്ഷനിൽ നിന്ന് പനയ്ക്കോട് മേഖലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വ‌ർഷങ്ങളായി.നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്.മഴക്കാലത്ത് റോഡിലൂടെയുള്ള യാത്ര ഏറെ സാഹസികമാണ്.ഗട്ടറുകൾ നിറഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എം.പിക്കും,എം.എൽ.എക്കും, ജില്ലാപഞ്ചായത്തിലും പലതവണ നിവേദനം നൽകിയിട്ടുണ്ട്.

റോഡ് പണി ഉടൻ പുനരാരംഭിക്കും

വർഷങ്ങൾക്ക് മുൻപ് റോഡ് ഗതാഗതയോഗ്യമാക്കാൻ തുക അനുവദിച്ചെങ്കിലും നടന്നില്ല. അടുത്തിടെ റോഡ് ഏറെ തകർന്നിരുന്നു. കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷും, മലയടി വാ‌ർഡ്മെമ്പർ എസ്.ബിനിതാമോളും പ്രശ്നത്തിൽ ഇടപ്പെടുകയും എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ റോഡ് സന്ദർശിക്കുകയും,അടിയന്തരമായി ഫണ്ട് അനുവദിക്കാൻ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും സ്റ്റീഫൻ അറിയിച്ചു.

അനുവദിച്ച തുക.....................45 ലക്ഷം

കണ്ണങ്കര പാമ്പാടി റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ച ജി.സ്റ്റീഫൻ എം.എൽ.എയ്ക്ക് സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ നന്ദി പറഞ്ഞു.