ഉറപ്പുമായി ആരോഗ്യവകുപ്പ് ഹൈക്കോടതിയിൽ : കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിലേക്ക്

Saturday 11 October 2025 12:04 AM IST

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഹൈക്കോടതിയിൽ ആരോഗ്യ വകുപ്പിന്റെ ഉറപ്പ്. അഞ്ചുനില താലൂക്ക് ആശുപത്രി കെട്ടിടത്തിലേക്ക് സ്ത്രീ - പുരുഷ വാർഡുകൾ മാറ്റുമെന്നും, ആവശ്യമായ സ്റ്റാഫിനെ നിയമിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതിയിൽ ആരോഗ്യവകുപ്പ് സെക്രട്ടറി സത്യവാങ്മൂലം നൽകി.

പുതിയ ഈ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.കെ.സോമൻ, കെ.ടി.സുബ്രഹ്മണ്യൻ എന്നിവർ നൽകിയ ഹർജിയിലാണ് സർക്കാരിന്റെ ഉറപ്പ്. ആവശ്യമായ സ്റ്റാഫിനെ നിയമിക്കാൻ വേണ്ട വിശദാംശങ്ങൾ ഉടൻ സർക്കാരിൽ സമർപ്പിക്കുമെന്നും, വയോജന വാർഡും, പോളിഡന്റൽ ക്ലിനിക്കും പ്രവർത്തന സജ്ജമാക്കിയതായും കോടതിയിൽ സമർപ്പിച്ച രേഖയിലുണ്ട്. പുതിയ ലിഫ്‌റ്റ് സ്ഥാപിക്കാൻ മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകിയതായും അടിയന്തര ടെൻഡർ നടപടി സ്വീകരിച്ചതായും ബോധിപ്പിച്ചിട്ടുണ്ട്.

പുതിയ ഡയാലിസിസ് തുടങ്ങാൻ ആർ.ഒ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം കൂട്ടിരിപ്പുകാർക്കുള്ള സൗകര്യങ്ങളും ഒരുക്കി. ആശുപത്രിയിലെ പോരായ്മകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദശിച്ചതിന്റെ അടിസ്ഥാനത്തിൽ സബ് ജഡ്ജി ആശുപത്രി സന്ദർശിച്ചു. നേരത്തേ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളെ തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റിട്ട് ഹർജി തീർപ്പാക്കി.

89 ലക്ഷത്തിനാണ് ടെണ്ടർ വിളിക്കുന്നത്. ടെണ്ടർ പാസാക്കാൻ പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർക്ക് മാത്രമെ അധികാരമുള്ളൂ.

കെ.ആർ.ജൈത്രൻ

(മുൻ നഗരസഭ ചെയർമാൻ)

സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങളിൽ കാലതാമസം ഉണ്ടായാൽ കോടതി അലക്ഷ്യവുമായി മുന്നോട്ടു പോകും.

അഡ്വ.ഷാനവാസ് കാട്ടകത്ത്. ഹർജിക്കാരുടെ അഭിഭാഷകൻ.