വീട്ടമ്മയുടെ മരണം ദുരൂഹത തുടരുന്നു

Saturday 11 October 2025 1:25 AM IST

ഏറ്റുമാനൂർ: വീട്ടമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസിന്റെ ഭാര്യ ലീനാ ജോസ് (55)നെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക നിഗമനത്തെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് ലീനയുടെ ഭർത്താവ് ജോസിനെ കസ്റ്റഡിലെടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാൽ, ജോസ് ഭാര്യയെ കൊലപ്പെടുത്തി എന്ന തരത്തിലുള്ള വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാൽ രാത്രി വിട്ടയച്ചു. ഇന്നലെയും ജോസിനെയും രണ്ട് മക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. ലീനയുടെ മരണ കാരണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്. പൊലീസ് സി.സി.ടി.വി അടക്കം പരിശോധന നടത്തി. ലീനയും ഭർത്താവ് ജോസ്, ഇളയ മകൻ തോമസ്, ജോസിന്റെ പിതാവ് ചാക്കോ എന്നിവരാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൻ ജെറിൻ വീട്ടിൽ എത്തിയപ്പോഴാണ് അമ്മയെ വീടിന് പുറകിൽ ഇളം തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.