കായംകുളത്തെ ആൾക്കൂട്ട കൊലപാതകം.: മോഷണം സ്ഥിരീകരിച്ച് പൊലീസ്

Saturday 11 October 2025 1:37 AM IST

#ദമ്പതികളും അമ്മയും റിമാൻഡിൽ

കായംകുളം: ആൾക്കൂട്ട മർദ്ദനമേറ്റ് കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി മോഷണം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. 13000 രൂപയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണ ബ്രേസ് ലെറ്റും കണ്ടെടുത്തു. കായംകുളം ചേരാവള്ളി പാലക്കാട്ട് തറയിൽ തെക്കതിൽ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി ദേവിക്കോട് തുടലിക്കാലായി പുത്തൻവീട്ടിൽ ഷിബുവിനെയാണ് (സജി - 49) രണ്ടരവയസുള്ള കുട്ടിയുടെ ബ്രേസ് ലെറ്റ് മോഷണം പോയ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളും അയൽവാസികളും ചേർന്ന് ബുധനാഴ്ച അടിച്ചുകൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ കുന്നത്തുകോയിക്കൽ പടീറ്റതിൽ വിഷ്ണു, അഞ്ജന, വിഷ്ണുവിന്റെ അമ്മ കനി എന്നിവരെ കായംകുളം കോടതി റിമാൻഡ് ചെയ്തു.

മേനാത്തേരിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഷിബു പണയംവച്ച രണ്ടര ഗ്രാമിന്റെ ബ്രേസ് ലെറ്റ് പൊലീസ് കോടതിയിൽ ഹാജരാക്കി. കായംകുളം സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ചെവിക്കു താഴെയേറ്റ അടിയിൽ കഴുത്തിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ബുധനാഴ്ച രാവിലെ വിഷ്ണുവിന്റെ മകൻ അയൽവാസിയായ ഷിബുവിന്റെ വീട്ടിൽപോയി തിരികെയെത്തിയപ്പോൾ രണ്ടര ഗ്രാമിന്റെ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടിരുന്നു. തനിക്കറിയില്ലെന്നാണ് ഷിബു പറഞ്ഞത്. കുട്ടിയുടെ വീട്ടുകാർ ധനകാര്യസ്ഥാപനങ്ങളിൽ അന്വേഷിച്ചപ്പോൾ, പണയം വച്ചതായി കണ്ടെത്തി. രാത്രി ഏഴ് മണിയോടെ കുട്ടിയുടെ മാതാപിതാക്കളും അയൽവാസികളും ഷിബുവിനെ വീടിന് സമീപം വച്ച് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു.