മയക്കുമരുന്ന് കച്ചവടം: സ്വത്ത് വകകൾ കണ്ടുകെട്ടി

Saturday 11 October 2025 3:11 AM IST

തിരുവനന്തപുരം: നഗരത്തിൽ സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തി നിരവധി കേസുകളിൽ ഉൾപ്പെട്ട തമ്പാനൂർ ഫയർഫോഴ്സ് സ്റ്റേഷന് സമീപം കീഴേപുളിക്കൽ വീട്ടിൽ വിഷ്ണു എസ്.കുമാറിന്റെ (25) സ്വത്തുവകകൾ കണ്ടുകെട്ടി.

വാഹനങ്ങളുൾപ്പടെയുള്ള വസ്തുവകകളാണ് എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള കോംപീറ്റന്റ് അതോറിട്ടി ഉത്തരവുപ്രകാരം പൊലീസ് കണ്ടുകെട്ടിയത്.കഴിഞ്ഞവർഷം സിറ്റി ഡാൻസാഫ് സംഘവും,തുമ്പ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ 10 ഗ്രാം എം.ഡി.എം.എയുമായി വിഷ്ണുവിനെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങി ഇയാൾ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടു. ജൂണിൽ ബംഗളൂരുവിൽ നിന്ന് കാറിൽ 47 ഗ്രാം എം.ഡി.എം.എ കടത്തുന്നതിനിടെ മോഷണ കേസുകളിൽ പ്രതിയായ രമേഷിനോപ്പം ഡാൻസാഫ് സംഘം, പേരൂർക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പിടികൂടിയിരുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ പേരൂർക്കട എസ്.എച്ച്.ഒ ഉമേഷ്.എം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡി.ഐ.ജിയും,സിറ്റി പൊലീസ് കമ്മിഷണറുമായ തോംസൺ ജോസ് കോംപീറ്റന്റ് അതോറിട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുവകകൾ കണ്ടുകെട്ടിയത്.