ഷാഫി പറമ്പിലിനെതിരായ ആക്രമണം : തലസ്ഥാനത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധം

Saturday 11 October 2025 3:11 AM IST

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം.

ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് ആരംഭിച്ചതോടെ പ്രവർത്തകർ പൊലീസിന് നേരെ പാഞ്ഞടുത്തു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും ഉന്തുംതള്ളുമായി. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.

തുടർന്ന് പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ച് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിലെ ബാനറുകളും പ്രവർത്തകർ വലിച്ചുകീറി. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് സെക്രട്ടേറിയറ്റിന് മുന്നിലൊരുക്കിയത്. പ്രവർത്തകരെ അറസ്റ്റുചെയ്‌ത് നീക്കി. കന്റോൺമെന്റ് പൊലീസ് കേസെടുത്തു.