മതിയായ പൊലീസുകാരില്ല, ഒപ്പം സിഗ്നൽ പണിമുടക്കും നഗരത്തിലെ യാത്ര ' കുരുക്കിൽ '
തിരുവനന്തപുരം: ട്രാഫിക്ക് സിഗ്നലുകൾ ഇടയ്‌ക്കിടെ പണിമുടക്കുന്നതും നിയന്ത്രിക്കാനുള്ള പൊലീസുകാരുടെ കുറവും കാരണം നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു.
രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് വലിയ പ്രതിസന്ധി. പ്ളാമൂട്,ആനടിയിൽ ഹോസ്‌പിറ്റൽ ജംഗ്ഷൻ,പാറ്റൂർ,നാലുമുക്ക്,വഞ്ചിയൂർ,പാളയം,പേട്ട,സ്റ്റാച്യൂ,തമ്പാനൂർ,യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷൻ,മെഡിക്കൽ കോളേജ്,ജംഗ്ഷൻ,കേശവദാസപുരം,ഉള്ളൂർ,പട്ടം,കിഴക്കേകോട്ട,അട്ടക്കുളങ്ങര,കുറവൻകോണം തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ ജനം വലയുകയാണ്.
സിഗ്നൽ ലൈറ്റുകളുടെ തകരാറ് കാരണം ആംബുലൻസ് കടന്നുപോകുന്നതിനും ബുദ്ധിമുട്ടുണ്ട്. അനധികൃത പാർക്കിംഗ് തടയൽ,കൃത്യമായ ട്രാഫിക്ക് പൊലീസ് സംവിധാനം എന്നിവ നടപ്പാക്കിയാൽ മാത്രമേ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കൂ.
ട്രാഫിക്ക് ഉദ്യോഗസ്ഥരില്ല
വലിയ ജംഗ്ഷനുകളിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ ഒരു ട്രാഫിക്ക് പൊലീസുകാരനാണ് ഉണ്ടാകുന്നത്. തിരക്ക് കൂടിയാൽ ഒരാൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വരും. സിഗ്നൽ പണിമുടക്കുമ്പോൾ സ്റ്രേഷനുകളിൽ നിന്ന് പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പലയിടത്തും ഹോംഹാർഡിനെ നിയമിച്ചിരുന്നെങ്കിലും ഇപ്പോഴില്ല.
അറ്റകുറ്റപ്പണി വൈകുന്നു
നഗരത്തിലെ പല സിഗ്നൽ ലൈറ്റ് യൂണിറ്റുകളും 10 മുതൽ 15 വർഷം വരെ പഴക്കമുണ്ട്. സിഗ്നൽ ലൈറ്റ് യൂണിറ്റിന്റെ സ്റ്റാൻഡേർഡ് വാറന്റി കാലയളവ് മൂന്നുവർഷമാണ്. നഗരത്തിലെ 90% സിഗ്നൽ ലൈറ്റുകൾക്കും വാറന്റി കാലയളവ് തീർന്നു. പലതിന്റേയും അറ്റകുറ്റപ്പണി വൈകുന്നതാണ് പ്രധാന പ്രശ്‌നം. ചിലയിടത്ത് മാത്രമാണ് പുതിയ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്,സിറ്റി കോർപ്പറേഷൻ തുടങ്ങി വിവിധ ഏജൻസികൾ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളും എം.എൽ.എ,എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചവയുമാണ് നഗരത്തിലുള്ളത്.