ഫിലിപ്പീൻസിൽ ഇരട്ട ഭൂകമ്പം: 7 മരണം
Saturday 11 October 2025 7:41 AM IST
മനില: ഫിലിപ്പീൻസ് തീരത്തെ വിറപ്പിച്ച് ഇരട്ട ഭൂകമ്പം. 7 പേർ മരിച്ചു. കടൽത്തീര പട്ടണങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാവോവോ ഓറിയെന്റൽ പ്രവിശ്യയിലെ മാനെ പട്ടണത്തിന് സമീപം പ്രാദേശിക സമയം ഇന്നലെ രാവിലെ 9.43നായിരുന്നു ആദ്യ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിൻവലിച്ചു. ഏഴ് മണിക്കൂറിന് ശേഷം ഇതേ മേഖലയിൽ 6.8 തീവ്രതയിൽ ഭൂകമ്പമുണ്ടായതോടെ വീണ്ടും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 3.2 അടിയിലേറെ ഉയരത്തിലെ തിരകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ ഫിലിപ്പീൻസ് തീരങ്ങളിലുള്ളവരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു. സെബൂ പ്രവിശ്യയിൽ സെപ്തംബർ 30നുണ്ടായ ഭൂകമ്പത്തിൽ 74 പേർ കൊല്ലപ്പെട്ടിരുന്നു.