മറിയ കൊറീന മചാഡോ: കെടുത്താൻ കഴിയാത്ത തീജ്വാല

Saturday 11 October 2025 7:43 AM IST

ഓസ്‌ലോ: ധീരയായ സമാധാന പോരാളി... കൂരിരുട്ടിലും ജനാധിപത്യത്തിന്റെ ജ്വാല കെടാതെ സൂക്ഷിക്കുന്ന വനിത... വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മറിയ കൊറീന മചാഡോയെ നോർവീജിയൻ നോബൽ കമ്മിറ്റി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

2013 മുതൽ നിക്കോളാസ് മഡുറോയുടെ അധികാരത്തിന്റെ ഉരുക്ക് മുഷ്ടിയിൽ അമരുന്ന ജനങ്ങളുടെ സ്വാതന്ത്റ്യത്തിനുവേണ്ടി ശബ്ദമുയർത്തിയ കരുത്തുറ്റ വനിത. വെടിയുണ്ടകൾക്ക് പകരം ബാല​റ്റുകൾ തിരഞ്ഞെടുക്കാനാണ് മറിയയുടെ ആഹ്വാനം .

2024ൽ മനുഷ്യാവകാശങ്ങൾക്കായുള്ള സഖറോവ് പ്രൈസിന് അർഹയായി. 2025ൽ ടൈം മാഗസിൻ തിരഞ്ഞെടുത്ത സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടംനേടി.

2013ൽ ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെ വൈസ് പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോ അധികാരത്തിലെത്തിയതോടെയാണ് സ്വാതന്ത്റ്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി മറിയ ശബ്ദമുയർത്തിയത്.

25 വർഷം നീണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിക്കാനും മഡുറോയെ പുറത്താക്കാനും പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാണ് കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മഡുറോയുമായി ഏറ്റുമുട്ടേണ്ടിയിരുന്നത് മറിയ ആയിരുന്നു.

92.35 ശതമാനം അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പ്രൈമറി തിരഞ്ഞെടുപ്പിൽ മറിയ ജയിച്ചത്. പക്ഷേ, ഭരണകൂടം മറിയയ്ക്ക് അയോഗ്യത കല്പിച്ചു.

മറിയയുടെ പിന്തുണയിൽ മത്സരിച്ച എഡ്മണ്ടോ ഗോൺസാലസിന് 44 ശതമാനവും മഡുറോയ്ക്ക് 51 ശതമാനവും വോട്ട് ലഭിച്ചെന്നാണ് ഇലക്ടറൽ കൗൺസിൽ അറിയിച്ചത്. എന്നാൽ ഗോൺസാലസിന് 70 ശതമാനം വോട്ട് ലഭിച്ചെന്ന് പ്രതിപക്ഷം വാദിക്കുന്നു.

മഡുറോ ജയിച്ച 2018, 2024 തിരഞ്ഞെടുപ്പുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നാണ് ആരോപണം.

യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഫലം അംഗീകരിച്ചിട്ടില്ല.

മഡുറോയുടെ അറസ്റ്റിന് ഉതകുന്ന വിവരങ്ങൾ കൈമാറുന്നവർക്ക് 5 കോടി ഡോളറാണ് യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരിൽ ഒരാൾ എന്നാണ് ട്രംപ് ഭരണകൂടം മഡുറോയെ വിശേഷിപ്പിച്ചത്.

# മൂന്ന് കുട്ടികളുടെ അമ്മ

 1967: ഒക്ടോബർ 7ന് കാരക്കാസിൽ ജനനം. അമ്മ സൈക്കോളജിസ്റ്റ്. അച്ഛൻ ബിസിനസുകാരൻ

 സൈനിക, രാഷ്ട്രീയ, കലാ പാരമ്പര്യമുള്ള കുടുംബം

 ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് ബിരുദധാരി. ഫിനാൻസിൽ മാസ്റ്റർ ബിരുദം

 വിവാഹ മോചിത. മൂന്ന് കുട്ടികളുടെ അമ്മ

 1992: കാരക്കാസിലെ അനാഥക്കുട്ടികൾക്കായി ഫൗണ്ടേഷൻ സ്ഥാപിച്ച് സാമൂഹ്യ സേവനത്തിലേക്ക്

 2002: ജനാധിപത്യ സംഘടനയായ 'സൂമാറ്റെ" സ്ഥാപിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക്

 2011 - 2014:പാർലമെന്റ് അംഗം

 2012: വെന്റേ വെനസ്വേല പാർട്ടി നേതാവ്

 2014: മഡുറോ സർക്കാരിനെതിരെ പ്രക്ഷോഭം നയിച്ചു

 2023: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്.

 2024: ജീവന് ഭീഷണി ഉയർന്നതോടെ ആഗസ്റ്റിൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറി

 2025: ജനുവരിയിൽ കാരക്കാസിലെ റാലിയിൽ പ്രത്യക്ഷപ്പെട്ടതോടെ അറസ്റ്റിലായെങ്കിലും വൈകാതെ വിട്ടയച്ചു