ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ

Saturday 11 October 2025 7:43 AM IST

ടെൽ അവീവ്: ഗാസയിൽ യു.എസ് സമാധാന പദ്ധതി പ്രകാരമുള്ള വെടിനിറുത്തൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് നിലവിൽ വന്നതോടെ, വടക്കൻ ഗാസയിലേക്ക് മടക്കയാത്ര ആരംഭിച്ച് പതിനായിരങ്ങൾ. നിശ്ചിത പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുകയും ചെയ്തു.

നിലവിൽ ഗാസയുടെ 53 ശതമാനം പ്രദേശത്താണ് ഇസ്രയേൽ നിയന്ത്രണമുള്ളത്. നേരത്തേ, 80 ശതമാനവും ഇസ്രയേൽ നിയന്ത്രണത്തിലായിരുന്നു. അതേസമയം, തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് മുമ്പ് ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും (ഏകദേശം 20 പേർ) ഹമാസ് ഇസ്രയേലിന് കൈമാറണം. കൊല്ലപ്പെട്ട 28 ബന്ദികളുടെ മൃതദേഹങ്ങൾ ഘട്ടംഘട്ടമായി കൈമാറും. രണ്ടായിരത്തോളം പാലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേലിന്റെ അനുമതിയോടെ റാഫ അതിർത്തി വഴി ഗാസയിലുള്ളവർക്ക് ഈജിപ്റ്റിലേക്ക് പോവുകയും തിരികെ വരികയും ചെയ്യാം.

ഇതിനിടെ, ഗാസയിൽ ഭീഷണികൾ ഉയർന്നാൽ നടപടി സ്വീകരിക്കുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഇസ്രയേൽ സൈന്യം പിന്മാറിയ ഇടങ്ങളിൽ സുരക്ഷാ ഭടൻമാരെ വിന്യസിക്കുമെന്ന് ഹമാസ് പറഞ്ഞു. ഹമാസ് അംഗങ്ങൾ ആയുധവുമായി തെരുവിലിറങ്ങിയാൽ ഇസ്രയേൽ പ്രകോപനമായി കാണുമെന്ന ആശങ്ക ഉയരുന്നുണ്ട്.

അതേ സമയം, സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട ചർച്ചകൾ എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല. ട്രംപ് നാളെ ഈജിപ്റ്റും തുടർന്ന് ഇസ്രയേലും സന്ദർശിക്കും.

 ആഹ്ലാദ തിളക്കം

വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതോടെ തെക്കൻ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ ആഹ്ലാദ തിളക്കം. നൂറുകണക്കിന് പേർ തിങ്ങിപ്പാർത്ത ഇടങ്ങളിൽ നിന്ന് ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്നാണ് ആശ്വാസം. വടക്കൻ ഗാസയിലേക്കും ഗാസ സിറ്റിയിലേക്കും ആളുകൾ കൂട്ടത്തോടെ മടക്കയാത്ര തുടങ്ങി. എന്നാൽ വീടുകൾക്കു പകരം കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞ പ്രേതഭൂമി പോലെ അവിടം മാറിയെന്നതാണ് യാഥാർത്ഥ്യം.

# എങ്ങനെ ജീവിക്കും ?

 ഗാസയ്ക്കുള്ളിൽ പലായനം ചെയ്യേണ്ടിവന്നവർ - 90 %

 പൂർണമായോ/ഭാഗികമായോ തകർന്ന കെട്ടിടങ്ങൾ - 92%

 തകർന്ന ജല, ശുചീകരണ സംവിധാനങ്ങൾ - 89%

# ഹമാസിന്റെ നിരായുധീകരണം ഉറപ്പാക്കാൻ ഇസ്രയേൽ സൈന്യം ഗാസയിൽ തുടരും. - ബെഞ്ചമിൻ നെതന്യാഹു, പ്രധാനമന്ത്രി, ഇസ്രയേൽ

# യുദ്ധം അവസാനിച്ചെന്ന ഉറപ്പ് യു.എസ് നൽകി.

- ഹമാസ്