അമേരിക്കയിൽ ആയുധ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി, പതിനെട്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്

Saturday 11 October 2025 10:29 AM IST

വാഷിംഗ്‌ടൺ: ടെന്നിസിയിൽ സൈന്യത്തിന് ആയുധം നിർമ്മിക്കുന്ന കേന്ദ്രത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 18 പേരെ കാണാതായതായി റിപ്പോർട്ട്.തെക്കുപടിഞ്ഞാറൻ ബക്സ്നോർട്ട് പ്രദേശത്ത് അമേരിക്കൻ സൈന്യത്തിന് ആവശ്യമായ വെടിക്കോപ്പുകളും കുഴിബോംബുകൾ ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളും നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന കെട്ടിടസമുച്ചയത്തിൽ പ്രാദേശിക സമയം രാവിലെ 7.45നായിരുന്നു സ്ഫോടനം.15 മൈൽ അകലെയുള്ളവർവരെ സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. സമീപ നഗരമായ ലോബർവില്ലെയിലെ വീടുകളും ഉഗ്രസ്ഫോടനത്തിൽ കുലുങ്ങി.

കാണാതായവർ മരിച്ചിട്ടുണ്ടാവാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒന്നിലധികം പേർ മരിച്ചതായും ചിലർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഔദ്യാേഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. സ്ഫോടനവിവരം അറിഞ്ഞതോടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ചെറുതും വലുതുമായ തുടർ സ്ഫോടനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നതിനാൽ അവർക്ക് കെട്ടിടത്തിന് പരിസരത്തേക്കുപോലും അടുക്കനായില്ല. അതിനാൽ ‌ഏറെക്കഴിഞ്ഞാണ് രക്ഷാപ്രവർത്തനം തുടങ്ങാനായത്. ഉച്ചയോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

സ്ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. അട്ടിമറി സാദ്ധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും അശ്രദ്ധമായി കൈകാര്യം ചെയ്തതാണോ പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്ന് അന്വേഷണത്തിനുശേഷമേ വ്യക്തമാകൂ.സ്ഥിതിഗതികൾ സൂക്ഷ്‌മായി നിരീക്ഷിച്ചുവരികയാണെന്നും അപകടത്തിൽപ്പെട്ടവരുടെ കുടുംബാംങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ടെന്നിസി ഗവർണർ ബിൽ ലീ അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അമേരിക്കയിൽ വ്യാവസായിക കേന്ദ്രങ്ങളിൽ അപകടങ്ങൾ കൂടിവരുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മേഖലയിലെ പ്രാദേശിക വെടിമരുന്ന് ഫാക്ടറിയിൽ കഴിഞ്ഞവർഷമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.