മൗനത്തിൽ ആഴ്ന്ന അധരാക്ഷരം
'ഇനിയൊരിക്കലും നമ്മൾ പരസ്പരം കാണില്ലായിരിക്കാം; നിനക്കായി വീണ്ടുമെഴുതുവാൻ കഴിയില്ലായിരിക്കാം. പക്ഷേ, പ്രിയമുള്ളവളേ, എന്റെ ഹൃദയത്തിൽ, സ്വപ്നങ്ങളിൽ, വിചാരങ്ങളിൽ നീ എപ്പോഴുമുണ്ടാകുമെന്ന് വിശ്വസിക്കുക. എനിക്കും നിനക്കുമായി ഈ ജന്മത്തിൽ നിശ്ചയിക്കപ്പെടുന്നത് വേർപിരിയലിന്റെ വിധിയായിരിക്കുമോ എന്നും തീർച്ചയില്ല. എങ്കിൽ, നിനക്കായി വരുംജന്മത്തിലും ഞാൻ കാത്തിരിക്കും..."
വിഷാദാക്ഷരങ്ങളിൽ അവൾ പ്രിയതമന്റെ ക്ഷീണിച്ച മുഖം കണ്ടു. മിഴികൾ തുളുമ്പാതിരിക്കാൻ പ്രയാസപ്പെടുമ്പോഴും, അവസാനിക്കാത്ത പ്രണയം നീർത്തിയ ആകാശത്തിനു താഴെ അവൾ- എമിലി ഷെൻകൽ ഒരു നീലക്കടമ്പായി നിറയെ പൂത്തു! അയാൾ അപ്പോൾ ഇന്ത്യയിലേക്കുള്ള കടൽയാത്രയിലായിരുന്നു; ചെന്നിറങ്ങുന്ന തീരത്ത് കാത്തിരിക്കുന്ന രാഷ്ട്രീയവിധി എന്തെന്നു നിശ്ചയമില്ലാത്ത ഏകാന്തയാത്ര!
നാലേ നാലു വാക്യങ്ങളിൽ അനുരാഗ വേദനയുടെ കൊടുമുടിയും കടലാഴവും നിറച്ചുവച്ചൊരു കാമുകന്റെ കത്തിൽ, 'പ്രിയേ" എന്നു വിളിക്കപ്പെടാൻ ഭാഗ്യമുണ്ടായ ഓസ്ട്രിയൻ പെൺകിടാവിന്റെ പ്രിയന്റെ പേരുകൂടി അറിയുക: സുഭാഷ് ചന്ദ്ര ബോസ്! (തുടക്കത്തിൽ ചേർത്ത ഭാഗം, ബോസിന്റെ ഇംഗ്ളീഷിലുള്ള കത്തിന്റെ നേർപരിഭാഷ)
'പ്രണയം ആരെയും ധീരനാക്കു"മെന്ന വചനത്തോട് മാപ്പ്! ഇത് അങ്ങനെയായിരുന്നില്ല- ബോസ് എന്ന ധീരതയുടെ അഗ്നിസമുദ്രത്തിനു നടുവിൽ, രണ്ടാംലോക മഹായുദ്ധത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിൽ, സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യൻ പോരാട്ടങ്ങളുടെ തിരച്ചുഴികൾക്കരികെ അയാളുടെ സഞ്ചാരവഴിയിൽ കാത്തുനിന്നൊരു പ്രണയദ്വീപ്- അതിന്റെ പേരായിരുന്നു എമിലി ഷെൻകൽ. ഇവളെക്കുറിച്ചാണ് ബോസ് പിന്നെയൊരിക്കൽ എഴുതിയത്: 'പ്രണയമെന്ന് ഒരിക്കലെങ്കിലും ഓർക്കാതിരുന്ന ഞാൻ എന്നെങ്കിലും ഒരു സ്ത്രീയുടെ കുരുക്കിലാകുമെന്ന് എങ്ങനെ കരുതുവാനാണ്!" (നേർ പരിഭാഷ)
തടവറയിലേക്ക് മടക്കയാത്ര
മുംബയ്, ബല്ലാർഡ് പിയറിൽ 1936 ഏപ്രിൽ പത്തൊമ്പതിന് സുഭാഷ് ചന്ദ്ര ബോസ് കപ്പലിറങ്ങുമ്പോൾ കാത്തുനിന്ന ആൾക്കൂട്ടത്തിൽ അനുയായികളെക്കാൾ അധികമുണ്ടായിരുന്നു, ബ്രിട്ടീഷ് പൊലീസ്. ചോദ്യമില്ല; ഉത്തരമില്ല! മൂന്നുവർഷം മുമ്പ്, ബോസിനെ ചികിത്സയ്ക്കായി ഇന്ത്യയിൽ നിന്ന് 'നാടുകടത്തുമ്പോൾ" ബ്രിട്ടൻ ഓർമ്മിപ്പിച്ചിരുന്നതാണ്: 'മടക്കം വേണ്ട!"
ബോസ് വിലങ്ങിനു കൈകൾ നീട്ടിക്കൊടുത്തു. പൊലീസ് വണ്ടി ചെന്നുനിന്നത് മുംബയ് ആർതർ റോഡ് ജലിൽ മുറ്റത്ത്. പിന്നെ ബംഗാളിൽ, ഡാർജിലിംഗിൽ വീട്ടുതടങ്കലിൽ. രാജ്യമെമ്പാടും ബോസിന്റെ മോചനത്തിനായി മുദ്രാവാക്യമുയരുമ്പോൾ, ഡാർജിലിംഗിലെ വീടിന്റെ വാതിലുകൾ അടഞ്ഞുതന്നെ കിടന്നു; ഒരു വർഷത്തോളം. ബ്രിട്ടീഷ് പൊലീസുകാർ ഗേറ്റിൽ കാവൽനിന്നു കുഴഞ്ഞു.
വീട്ടിലെ ഏകാന്ത തടവിൽ, തിരക്കിട്ട ജോലികൾക്കിടയിൽ ഒരിക്കൽ ബോസ്, ഷെൻകലിന് എഴുതി: 'ഗൊയ്ഥേയുടെ (ജർമ്മൻ റൊമാന്റിക് കവിയും നോവലിസ്റ്റും നാടകകൃത്തും) കവിതകളുടെ ജർമ്മൻ പതിപ്പ് അവിടെ, പുസ്തകക്കടയിൽ കിട്ടും- അതു വായിക്കുമ്പോൾ പ്രിയേ, മനസിലാകും, പ്രണയം ഒരു ഹൃദയത്തിൽ കടലായി തുളുമ്പുന്നത് എങ്ങനെയെന്ന്. ആ വരികൾ ചെവിയോടു ചേർക്കുക. നിന്നെയോർത്ത് ഒരുപാടു ദൂരെ ഒരു ഹൃദയം സ്പന്ദിക്കുന്നതു കേൾക്കാം! ഗൊയ്ഥേ ഒരിക്കൽ എഴുതിയല്ലോ- പ്രണയമൊഴിഞ്ഞ ലോകം എന്റെ പ്രാണന് ശ്വസിക്കുവാനാകുന്നൊരു ലോകമാകുന്നത് എങ്ങനെ?"
കാത്തിരുന്ന പ്രണയം
ആദ്യത്തെ യൂറോപ്യൻ യാത്രയിൽ (1933), സുഭാഷ് ചന്ദ്രബോസ് ജർമ്മനിയുടെ അയൽപക്കമായ ഓസ്ട്രിയയിൽ എത്തിയ ആദ്യ ദിവസങ്ങളിലൊന്ന്. ഇന്ത്യയിലെ തടവുകാലം കൊടുത്തയച്ച ക്ഷയരോഗം ബോസിനെ നന്നേ ക്ഷീണിതനാക്കിയിരുന്നു. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഒരു സുഹൃത്തുണ്ട്- ഡോ. മാഥൂർ. മറ്റൊരു ദൗത്യം കൂടിയുണ്ടായിരുന്നു, ഓസ്ട്രിയയിലേക്ക് പുറപ്പെടുമ്പോൾ ബോസിന്. സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യൻ പോരാട്ടത്തെക്കുറിച്ച് ഒരു പുസ്തകം. ഒരു ബ്രിട്ടീഷ് പ്രസാധകൻ ഏല്പിച്ച ഭാരമാണ്. വിയന്നയിൽ ഡോ. മാഥൂറിന്റെ വീട്ടിലിരിക്കുമ്പോൾ ബോസ് പറഞ്ഞു: 'ഒരു സെക്രട്ടറിയെ കിട്ടിയാൽ സൗകര്യമായിരുന്നു. കേട്ടെഴുതാനും ടൈപ്പ് ചെയ്യാനും കൈവേഗമുള്ള ഒരാൾ. ഇംഗ്ളീഷ് നന്നായി അറിയണം."
ഡോ. മാഥൂറിന്റെ പരിചയത്തിലുണ്ടായിരുന്നു, ബോസിന്റെ ആവശ്യത്തിനു പറ്റിയ ഒരാൾ. പേര് എമിലി ഷെൻകൽ. വയസ് 23. വിയന്നയിൽത്തന്നെ വീട്. പക്ഷേ, ബോസിന് സമ്മതമാകണമല്ലോ! മാഥൂർ ചോദിച്ചു: 'സെക്രട്ടറി ഒരു പെൺകുട്ടിയാകുന്നതിലും, അവൾ ചെറുപ്പക്കാരിയും സുന്ദരിയുമാകുന്നതിലും വിരോധത്തിന് കാരണമൊന്നുമില്ലല്ലോ?" ബോസ് ചിരിച്ചു: 'ഞാൻ വന്നത് പ്രണയ പരീക്ഷണങ്ങൾക്കല്ല; മുപ്പത്തിയാറു വയസ് അതിനു ചേർന്ന പ്രായവുമല്ല."
1935-ൽ, പുസ്തകത്തിന്റെ ഒന്നാം ഭാഗം ലണ്ടനിൽ പ്രസിദ്ധീകരിക്കുമ്പോൾ ബോസ് എഴുതിയ ആമുഖക്കുറിപ്പിന്റെ അവസാന വാക്യത്തിൽ ഒരൊറ്റ പരാമർശം മാത്രം; എമിലിയെക്കുറിച്ച്: 'ഈ പുസ്തകമെഴുതുന്നതിൽ എന്റെ സഹായി ആയിരുന്ന ഫ്രോളിൻ ഇ. ഷെൻകലിനും, പലവിധത്തിൽ എനിക്ക് സഹായമായിത്തീർന്ന
സുഹൃത്തുക്കൾക്കും നന്ദി പറയാതെ വയ്യ!" (ആമുഖത്തിന്റെ തീയതി: 1934 നവംബർ 29).
സഹായി!
ബോസും എമിലിയുമായുള്ള അനുരാഗത്തിന്റെ ഉഷ്ണം താങ്ങവയ്യാതെ ആ സാധു പദം വല്ലാതെ വിയർത്തിരിക്കണം! പുസ്തകത്തിന്റെ ആമുഖത്തിൽ മാത്രമായിരുന്നില്ല, 1937 ഡിസംബർ 26-ന്, ഓസ്ട്രിയയിലെ ബാദ് ഗാസ്റ്റിനിൽ വച്ച് വിവാഹിതരാകും വരെ, അതിനു ശേഷം പോലും ഇരുവരുടെയും ചുണ്ടുകൾക്കു പിന്നിൽ ആ പ്രണയം വീർപ്പുമുട്ടുന്നൊരു ദീർഘമൗനമായിത്തന്നെ ശേഷിച്ചു. കത്തോലിക്കാ സമുദായക്കാരിയായ
വധുവും, ഹിന്ദു കായസ്ഥ സമുദായക്കാരൻ വരനും. ബ്രിട്ടനെ ആജന്മശത്രുവായിക്കണ്ട സ്വാതന്ത്ര്യ സമരനായകന്റെ ക്രിസ്തീയ പ്രണയരഹസ്യം പുറത്തുവരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലും സമരരംഗത്തും രാഷ്ട്രീയ ഭൂകമ്പങ്ങളുണ്ടാക്കുമെന്ന് ബോസിനെക്കാൾ നന്നായി അറിയാമായിരുന്നു, എമിലിക്ക്.
പുസ്തകമെഴുത്ത് പാതിയോളമായപ്പോൾ ഒരുദിവസം അവൾ ചോദിച്ചതാണ്: 'ഇതിനൊരു ശീർഷകം മനസിലുണ്ടോ?"
- ഉണ്ട്; 'ദ ഇന്ത്യൻ സ്ട്രഗിൾ" (ഇന്ത്യൻ പോരാട്ടം).
കേട്ടെഴുത്ത് നിറുത്തി, ഒരു നിമിഷം നിശബ്ദമായിരുന്ന്, ഉള്ളിലൊതുക്കിപ്പിടിച്ച പ്രണയഭാരത്താലെന്നതു പോലെ ശിരസു കുനിച്ച് എമിലി പതുക്കെ ചോദിച്ചു: 'അതോ, ഒരു ഇന്ത്യക്കാരന്റെ പ്രണയ പോരാട്ടമോ?"
പിന്നെ, ഉടുപ്പിന്റെ പോക്കറ്റിൽ നിന്ന് ചെറിയൊരു ബൈബിൾ പുറത്തെടുത്ത്, എമിലി ബോസിനു നീട്ടി: 'ഒരിടത്ത് ഞാൻ അടിവരയിട്ടിട്ടുണ്ട്!"
ബോസ് വേദപുസ്തകം തുറന്ന് താളുകൾ മറിച്ചു. 'സങ്കീർത്തനങ്ങളു"ടെ അദ്ധ്യായത്തിൽ, വയലറ്റ് നിറത്തിൽ എമിലി വരച്ച മഷിയടയാളം പടർന്നിരുന്നു: 'നിന്റെ മുഖം എനിക്കു മറയ്ക്കരുതേ. ഈയുള്ളവളെ കോപത്തോടെ നീക്കിക്കളയരുതേ, നീ എനിക്ക് തുണയായിരിക്കുന്നു. എന്നെ തള്ളിക്കളയുകയോ ഉപേക്ഷിക്കുകയോ അരുതേ..." (സങ്കീർത്തനങ്ങൾ 27: 9)
സുഭാഷ് ചന്ദ്ര ബോസിന്റെ മനസിൽ ഇന്ത്യൻ മഹാസമുദ്രം ഇരമ്പി മറിഞ്ഞു. അന്നത്തെ ജോലി പകുതിയിൽ മതിയാക്കി, എമിലിയെ പറഞ്ഞയച്ച്, ബോസ് മേശപ്പുറത്തു നിന്ന് ഭഗവദ്ഗീത കൈയിലെടുത്ത് മറിച്ചുകൊണ്ടിരുന്നു. മുമ്പെപ്പോഴോ താളിന്റെ ഒരു മൂല മടക്കിവച്ചിരുന്ന ഭാഗം നിവർന്നുവന്നു: 'ഹേ അർജ്ജുനാ, മനസുകൊണ്ട് നീ നിന്നെത്തന്നെ
ഉയർത്തിയാലും. നീ തന്നെ സ്വയം തരംതാഴ്‌ത്താതിരിക്കുക. മനസ് ബദ്ധാത്മാവിന്റെ സുഹൃത്തും അതുപോലെ തന്നെ ശത്രുവാകുന്നു!" (ആറാം അദ്ധ്യായം: ധ്യാനയോഗം, അഞ്ചാം ശ്ളോകം).
ഓസ്ട്രിയയിൽ നിന്ന് ഡാന്യൂബ് നദിയിലെ ജലം ബാഷ്‌പമായുയർന്ന്, ഒരു മേഘദളമായി പറന്ന്, കുരുക്ഷേത്ര ഭൂമിയുടെ മണ്ണിലേക്ക് പെയ്യുന്നതു പോലെ തോന്നി, സുഭാഷ് ചന്ദ്ര ബോസിന്. ഒരുപാട് രാത്രികൾ കഴിഞ്ഞപ്പോൾ ഒരു സ്വപ്നത്തിൽ ലെബനോനിലെ സെദാർ മരങ്ങൾക്കു മീതെ പ്രണയത്തിന്റെ ഹിമപുഷ്പങ്ങൾ പൊഴിയുന്നും അയാൾ കണ്ടു. പ്രായത്തിനും പ്രതിജ്ഞകൾക്കും മീതെ പ്രണയം, തടഞ്ഞുനിറുത്താനാവാത്തൊരു കൊടുങ്കാറ്റു പോലെ വീശുന്നത് കൈകൾ കെട്ടി നോക്കിനിൽക്കാനേ ആ ധീരപുരുഷന് അപ്പോൾ കഴിയുമായിരുന്നുള്ളൂ. അയാളും അവളും പ്രണയത്തിന്റെ കടലിലേക്ക് മെല്ലെ മെല്ലെ ആഴ്ന്നുപോയി...
ചരിത്രത്തിലെ വിചിത്ര സമസ്യ
1937-ലെ വിവാഹം മുതൽ ബോസിന്റെ രണ്ടാം യൂറോപ്യൻ സന്ദർശനത്തിന് (1941) ഇടയിൽ, ജർമ്മനിയിൽ നിന്ന് ജപ്പാനിലേക്ക് പുറപ്പെടും വരെയുള്ള (1943) ആറുവർഷങ്ങളുടെ ഇടവേളയിൽ അവർ ഒരുമിച്ചുണ്ടായിരുന്നത് കഷ്ടിച്ച് മൂന്നുവർഷം. അതിനിടെയായിരുന്നു, പുത്രി അനിതയുടെ ജനനം (1942 നവംബർ 29). 1943 ഫെബ്രുവരി എട്ടിന് എമിലി, ബോസിനെ യാത്രയാക്കുമ്പോൾ മകൾ അനിതയ്ക്ക് മൂന്നു മാസം പ്രായം. അവളെക്കണ്ട് ബോസിന് മതിവന്നിരുന്നില്ല. പക്ഷേ, കാത്തിരിക്കുവാൻ മാത്രമായിരുന്നു, പിന്നീട് ദീർഘമായ 53 വർഷങ്ങൾക്കു ശേഷം 1996-ൽ മരിക്കുവോളം എമിലി ഷെൻകലിനും, ഇപ്പോൾ എൺപത്തിമൂന്നാം വയസിൽ മകൾ അനിതാ ബോസിനും വിധി.
'ഇതാ, ഈ ധീരനായകനാകുന്നു എന്റെ പ്രിയതമനെന്ന് ലോകത്തോട് വിളിച്ചുപറയാൻ അനുവാദമില്ലാതിരുന്നൊരു അമ്മയും, ജപ്പാനിലെ റങ്കോജി ക്ഷേത്രത്തിൽ, കലശത്തിൽ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം എന്റെ അച്ഛന്റേതാണ് എന്ന് അവകാശപ്പെടാൻ തെളിവുകളൊന്നും ബാക്കിയില്ലാത്തൊരു മകളും! ചരിത്രത്തിന്റെ ചില അദ്ധ്യായങ്ങൾ വിചിത്ര സമസ്യകളായി ശേഷിക്കുന്നത് ഇങ്ങനെയൊക്കെയായിരിക്കാം; ദയയുടെ നേർത്ത നനവു പോലുമില്ലാതെ!
1943-ൽ ജർമ്മനിയിൽ നിന്ന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പുറപ്പെടുമ്പോൾ രണ്ടു ലക്ഷ്യങ്ങളായിരുന്നു ബോസിന്റെ ചിന്തയിൽ. ബ്രിട്ടനെതിരെ തുണകൂട്ടാവുന്ന രാഷ്ട്രങ്ങളുടെ പിന്തുണയോടെ ആസാദ് ഹിന്ദ് സർക്കാരിന്റെയും, ഇന്ത്യൻ നാഷണൽ ആർമിയുടെയും (ഐ.എൻ.എ) രൂപീകരണം. ചരിത്രത്തിലെങ്ങുമുണ്ടാകില്ല, രണ്ടു രാജ്യങ്ങളുടെ സൈനിക അന്തർവാഹിനികളിൽ ഒരു സാധാരണ പൗരന്റെ രഹസ്യയാത്ര!
ജർമ്മൻ സൈന്യത്തിന്റെ യു- 180 അന്തർവാഹിനിയിൽ, കീലിൽ നിന്ന് തുടങ്ങി, ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിനടുത്തു വച്ച് ജപ്പാൻ സേനയുടെ ഐ- 29 അന്തർവാഹിനിയിലേക്ക് മാറിക്കയറി, ജപ്പാന്റെ അധീനതയിലുള്ള സബാങ് (സുമാത്രാ ദ്വീപ്) വരെ നീളുന്ന 24,000 കി.മീറ്റർ തുടർയാത്ര! ഒരിക്കൽപ്പോലും കടൽപ്പരപ്പിലേക്ക് മുഖമുയർത്താതെ, മൂന്നുമാസത്തോളം ദീർഘിച്ച അപൂർവമായൊരു സമുദ്രഗർഭയാനം. സബാങ് തീരത്ത് ഇറങ്ങിനിന്ന് സുഭാഷ് ചന്ദ്ര ബോസ് ആകാശപ്പരപ്പിലേക്ക് മിഴികളുയർത്തി: വാനമേ, നിന്റെ കാഴ്ച എത്ര സുന്ദരം!
ബോസിന്റെ മടക്കത്തിനു ശേഷം, കുഞ്ഞുമൊത്ത് ഏകാന്തവും ദുരിതഭരിതവുമായ ജീവിതത്തിന്റെ മഹാതീരത്ത് നിസഹായയായി നിൽക്കുമ്പോൾ എമിലി ഓർത്തിരിക്കണം; 'ദൈവമേ, എന്റെ പാനപാത്രത്തിൽ എപ്പോഴും നീ കയ്‌പും കണ്ണീരും മാത്രം നിറയ്ക്കുന്നുവല്ലോ! ഇത് പ്രണയത്തിന്റെ ശിക്ഷയോ?" പഠിക്കാൻ മിടുക്കിയല്ലാതിരുന്നതുകൊണ്ട്, സ്കൂൾ കാലത്തുതന്നെ എമിലിയെ അച്ഛൻ ഒരു കന്യാസ്ത്രീ മഠത്തിലാക്കി. നാലുവർഷംകൊണ്ട് മഠം മടുത്തപ്പോൾ വീട്ടിലേക്ക് കത്തെഴുതി: വേദപുസ്തകമല്ല, പാഠപുസ്തകമാണ് എനിക്കു വേണ്ടത്! കന്യാസ്ത്രീ വേഷത്തിൽ പാഴായിപ്പോയ വർഷങ്ങൾ കഴിഞ്ഞ് വീണ്ടും സ്കൂൾ കാലം പൂർത്തിയാക്കുമ്പോഴേക്കും എമിലി ഷെൻകലിന്റെ ശരീരത്തിൽ യൗവനം അതിന്റെ സുന്ദരചിത്രങ്ങൾ വരച്ചുതുടങ്ങിയിരുന്നു.
ടൈപ്പ്റൈറ്റിംഗും സ്റ്റെനോഗ്രഫി പഠിത്തവും ഒക്കെയായി രണ്ടുവർഷം. ജോലി അന്വേഷിച്ച് പലയിടത്തും ചെന്നു. ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ട്രങ്ക് എക്സ്‌ചേഞ്ച് ഓപ്പറേറ്റർ ആയി. മുന്നോട്ടുള്ള വഴി എങ്ങനെയെന്ന് നിശ്ചയമില്ലാതിരുന്നൊരു നാളിലാണ്, അച്ഛന്റെ പരിചയക്കാരനായി വിയന്നയിലുള്ള ഡോ. മാഥൂർ ആ ചോദ്യം ചോദിച്ചത്: 'നിനക്ക് കുറച്ചുനാളത്തേക്ക് ഒരാളുടെ സെക്രട്ടറി ആകാമോ?" ശമ്പളം കിട്ടുന്ന ഏതു ജോലിക്കും തയ്യാറായിരുന്ന നാളുകളിൽ കേട്ട ഏറ്റവും മനോഹരമായ ചോദ്യം! ജോലിയുടെ കടുപ്പവും 'കൈകാര്യം" ചെയ്യേണ്ട ആളുടെ കാർക്കശ്യവും പല മട്ടിൽ വിസ്തരിച്ചിട്ടും ഷെൻകലിന്റെ മറുപടി ഒന്നു മാത്രമായിരുന്നു: 'യെസ്!"
നെറ്റിയിൽ നിന്ന് നെറുകയിലേക്ക് ഒഴുകിക്കയറുന്ന കഷണ്ടി. വശത്തേക്കു ചീകിവച്ച മുടി. വൃത്തത്തിൽ ഫ്രെയിമുള്ള കണ്ണട. കരയുള്ള ജൂബയാണ് മിക്കവാറും വേഷം. ഷാൾകൊണ്ട് ചുമലിലൂടെ ഒരു പുതപ്പ്. തടികൊണ്ടുള്ള മേശപ്പുറത്തെ നിരത്തിവച്ച പുസ്തകങ്ങൾക്കു മുന്നിൽ അയാൾ സദാ ധ്യാനത്തിലാണെന്ന് അവൾക്കു തോന്നി. താൻ കല്പനകൾ അനുസരിക്കേണ്ടയാൾ സുന്ദരനാണെങ്കിലും, അല്പംകൂടി ചെറുപ്പമായിരുന്നെങ്കിൽ എന്ന് എമിലി വെറുതെ ആഗ്രഹിച്ചു. തന്നെക്കാൾ പതിമൂന്നു വയസ് മുതിർന്നയാളെക്കുറിച്ചാണല്ലോ അങ്ങനെ വിചാരിച്ചത് എന്നോർത്ത് രാത്രിയുറക്കത്തിൽ ചിരിച്ചു.
എങ്കിലും, മാന്ത്രികശക്തിയുള്ളതായിരുന്നു ആ പതിഞ്ഞ ശബ്ദം. കാതിലേക്ക് കണ്ണുകൾ കൂടി കൂർപ്പിച്ചുവച്ചെങ്കിലേ വാക്കുകൾ വ്യക്തമാകൂ. ബോസ് ഡിക്റ്റേറ്റ് ചെയ്യുന്നത് കേൾക്കാനിരുന്ന് അവൾ കാതുകൾ കൂർപ്പിച്ചു. കണ്ണുകൾ കൂടി ആ ശബ്ദത്തിലേക്കു ചെന്നു. പ്രണയിക്കപ്പെടാൻ ഏതു പെൺകുട്ടിയും ആഗ്രഹിക്കുന്ന പ്രായത്തിൽ, ഹൃദയത്തിൽ എന്തോ സംഭവിക്കുന്നുണ്ടെന്ന് എമിലിക്ക് തോന്നാതിരുന്നില്ല. ഡോ. മാഥൂറും ബോസുമായുള്ള സംഭാഷണത്തിൽ നിന്ന് അയാൾ ഇന്ത്യയിലെ നായക കഥാപാത്രങ്ങളിൽ ഒരാളാണെന്ന് അവൾക്ക് മനസിലായിത്തുടങ്ങിയിരുന്നു. പക്ഷേ ഇന്ത്യ!- അത് എവിടെയാണ്?
എമിലി ലോകഭൂപടം നിവർത്തിവച്ച് ബോസിന്റെ ദേശം തിരയുകയായിരുന്നു. യൂറോപ്പിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രം കടന്ന്, ആഫ്രിക്കൻ മുനമ്പ് ചുറ്റി, ഇന്ത്യൻ മഹാസമുദ്രം കടന്ന്... കർത്താവേ! മഹാസമുദ്ര ദൂരങ്ങൾക്കപ്പുറം ആ വിദൂരതീരത്തേക്ക് ചിറകു തളരാതെ പറക്കുന്ന ദേശാടനക്കിളികൾ നിന്റെ സൃഷ്ടിയിലുണ്ടോ?
എമിലി കാണാത്ത സമരഭൂമി
പക്ഷേ, പ്രിയതമന്റെ പോരാട്ടഭൂമി അദ്ദേഹം പറഞ്ഞ കഥകളിൽ നിന്നല്ലാതെ എമിലി ഒരിക്കലും കണ്ടില്ല. 1945 ആഗസ്റ്റ് 23-ന് (തായ്‌പേയ് വിമാനാപകടം സംഭവിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള 1945 ആഗസ്റ്റ് 18 നു ശേഷം അഞ്ചു ദിവസം കൂടി കഴിഞ്ഞ്, നേതാജി വിമാനദുരന്തത്തിൽ മരണമടഞ്ഞതായി ജപ്പാൻ ലോകത്തോടു പ്രഖ്യാപിച്ച ദിവസം) സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടതായി റേഡിയോ വാർത്ത കേൾക്കുമ്പോൾ എമിലി വിയന്നയിലെ വീട്ടിൽ, അമ്മയ്ക്കൊപ്പം അടുക്കളയിലായിരുന്നു. മൂന്നു വയസു തികഞ്ഞിട്ടില്ലാത്ത മകൾ അനിത കിടപ്പുമുറിയിൽ ഉറക്കമായിരുന്നു. ലോകം ഒരൊറ്റ നിമിഷത്തിൽ എമിലിക്കു മുന്നിൽ അവസാനിച്ചു. ഉറങ്ങുന്ന മകൾക്കരികെ, നിലത്ത് മുട്ടുകുത്തി, കിടക്കയിലേക്ക് കൈമുട്ടുകളൂന്നി എമിലി, ശില പോലെ ഇരുന്നു. കണ്ണീരില്ല, കരച്ചിലില്ല, ഒരു തേങ്ങൽ പോലും പുറത്തേക്കുവരാതെ, ശബ്ദത്തിനു മീതെ ഒരു ഹിമഗോളം ഉറഞ്ഞുനിന്നു.
മുപ്പത്തിനാലാം വയസിൽ ജീവിതം എമിലി ഷെൻകലിനു മുന്നിൽ മരുഭൂമിയായി പരന്നുകിടന്നു. ഒരുപാട് അലോചിച്ച്, 1946-ൽ അവൾ ബോസിന്റെ ജ്യേഷ്ഠൻ ശരച്ചന്ദ്ര ബോസിന് ഒരു കത്തെഴുതി. എമിലി ഷെൻകൽ എന്നൊരു പേര് ബോസിന്റെ കുടുംബം അന്നാദ്യം കേൾക്കുകയായിരുന്നു; ആ വിവാഹകഥയും! രണ്ടുവർഷം കൂടി കഴിഞ്ഞ്, ശരച്ചന്ദ്ര ബോസും കുടുംബവും വിയന്നയിലെ വീട്ടിലെത്തി, എമിലിയെയും അനിതയെയും കണ്ടു. പക്ഷേ, എത്ര നിർബന്ധിച്ചിട്ടും ഇന്ത്യയിലേക്കു വരാൻ എമിലി എന്തുകൊണ്ടോ മടിച്ചു: 'പറഞ്ഞുകേട്ട കഥകളിൽത്തന്നെ ഇന്ത്യ എന്റെ മനസിൽ ജീവിക്കട്ടെ. കാഴ്ചകൊണ്ട് അതിന്റെ കൗതുകം കെടുത്താൻ എനിക്കിഷ്ടമല്ല!"
ചെറിയൊരു കമ്പനിയിൽ, ഒരു ട്രങ്ക് എക്സ്ചേഞ്ച് ഓപ്പറേറ്ററുടെ മടുപ്പിക്കുന്ന ജോലിയിൽ, ആരുടെയൊക്കെയോ ടെലിഫോൺ കാളുകൾ ആർക്കൊക്കെയോ കൈമാറിക്കൊടുത്ത് അവൾ വിയന്നയിൽ ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങി. ഒടുവിൽ, എൺപത്തിയാറാം വയസിൽ മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ എമിലി ഷെൻകലിനോടു സംസാരിച്ചവരിൽ ഒരാൾ, വിയന്ന സർവകലാശാലയിലെ ഇന്ത്യക്കാരിയായ പ്രൊഫസറും എഴുത്തുകാരിയുമായ മെഹ്‌റു ജാഫർ ചോദിച്ചു: 'കാലം ഇത്ര കഴിഞ്ഞിട്ടും ബോസിന്റെ ഭാര്യയാണ് എമിലി എന്ന് ഇനിയും വിശ്വസിച്ചിട്ടില്ലാത്തവരോട് എന്തു പറയുവാനുണ്ട്?"
കുറേ നേരത്തേക്ക് എമിലി ഷെൻകൽ ഒന്നും മിണ്ടിയില്ല. പിന്നെ, ചുളിവുവീണ മുഖത്തെ മെലിഞ്ഞ ചാലുകളിലൂടെ ഒഴുകിത്തുടങ്ങിയ കണ്ണീർ തുടച്ച്, ഹൃദയത്തിൽ കൊണ്ടുനടന്ന സമുദ്രക്ഷോഭത്തിന്റെ കാറ്റും കോളും ശബ്ദത്തിൽ കലരാതിരിക്കാൻ വൃഥാ പ്രയാസപ്പെട്ട് അവൾ പറഞ്ഞു: 'സുഭാഷ് ചന്ദ്ര ബോസ് ദൈവമല്ല, ഒരു മനുഷ്യനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആരാധകർ മറന്നുകളഞ്ഞു. ആ മറവിയിൽ മുങ്ങിപ്പോയത് ഞാൻ കൂടിയായിരുന്നു..."
യുദ്ധത്തിന്റെ നിത്യവർത്തമാനങ്ങളിലും, സ്വാതന്ത്ര്യ സമരത്തിന്റെ പ്രക്ഷോഭ തീക്ഷ്ണതയിലും, സായുധ പോരാട്ടത്തിൽ മാത്രം വിശ്വസിച്ച ഒരു ധീരപുരുഷന്റെ മഹാശൈലതുല്യമായ പരിവേഷത്തിലും എമിലി ഷെൻകൽ എന്ന പ്രണയതടാകം എങ്ങോട്ടുമൊഴുകാതെ, സുഭാഷ് ചന്ദ്ര ബോസ് എന്ന കാമുകസമുദ്രത്തെ മാത്രം കാത്ത് പ്രതീക്ഷകളുടെ ഏകാന്തതടവിൽ കിടന്നു.
സുഭാഷ് ചന്ദ്ര ബോസ് 1934-നും 1942-നും ഇടയിൽ എമിലി ഷെൻകലിന് എഴുതിയ കത്തുകളുടെ സമാഹാരം, നേതാജിയുടെ തിരഞ്ഞെടുത്ത കൃതികളുടെ ഏഴാം വാല്യമായി 1994-ൽ കൊൽക്കത്തയിലെ നേതാജി റിസർച്ച് ബ്യൂറോ പ്രസിദ്ധീകരിച്ചു. ആ കത്തുകളുടെ ആധികാരികതയെക്കുറിച്ചുമുണ്ടായി തർക്കങ്ങളും വിവാദങ്ങളും. ഒടുവിൽ നേതാജിയുടെ കുടുംബംതന്നെ അവ ബോസിന്റേതെന്ന് സ്ഥിരീകരിച്ചു.
എമിലി ഷെൻകലിനോട് അവസാന നാളുകളിൽ സംസാരിച്ച ലക്‌നൗ സ്വദേശിയായ പ്രൊഫ. മെഹ്‌റു ജാഫർ പിന്നീട്, 'സുഭാഷ് ചന്ദ്ര ബോസ് ആൻഡ് എമിലി ഷെൻകൽ: എ ലൗ സ്റ്റോറി" എന്ന പുസ്തകമെഴുതി. ഓഗ്സ്ബർഗ് സർവകലാശാലയിൽ പ്രൊഫസറും, സാമ്പത്തിക വിദഗ്ദ്ധയുമായിരുന്ന, നേതാജിയുടെ പുത്രി അനിതാ ബോസ് ഇപ്പോൾ, ജർമ്മനിയിൽ താമസിക്കുന്നു.
ബോസിന്റെ ജർമ്മൻ ജീവിതം ആധാരമാക്കി ശ്യാം ബെനഗൽ 2004-ൽ 'ദ ഫൊർഗൊട്ടൻ ഹീറോ" എന്ന സിനിമ സംവിധാനം ചെയ്തു. നേതാജിയായി സച്ചിൻ ഖേദ്‌കറും എമിലി ഷെൻകൽ ആയി അന്ന പ്രുസ്‌റ്റലും അഭിനയിച്ച ചിത്രം രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടി. സംഗീതം നൽകിയത് എ.ആർ. റഹ്‌മാൻ)
(ലേഖകന്റെ ഫോൺ: 99461 08237. fb: Inked-by Sankar Himagiri)