വിവാഹം ഒന്നരവർഷം മുൻപ്, പാലക്കാട് 26കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Saturday 11 October 2025 12:16 PM IST

പാലക്കാട്: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൾ വൈഷ്‌ണവി (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദീക്ഷിത് അറസ്റ്റിലായി.

ഇക്കഴിഞ്ഞ ഒൻപതാം തീയതി ശാരീരിക അസ്വസ്ഥകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് വൈഷ്‌ണവിയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. വിവരം ബന്ധുക്കളെയും അറിയിച്ചു. എന്നാൽ താമസിയാതെ വൈഷ്‌ണവിയുടെ മരണം സംഭവിച്ചു. യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഒന്നരവർഷം മുൻപാണ് വൈഷ്‌ണവിയും ദീക്ഷിതും വിവാഹിതരായത്. വൈഷ്‌ണവിയെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെയാണെന്ന് മണ്ണാ‌ർക്കാട് ഡിവൈഎസ്‌പി പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. വൈഷ്‌ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ദീക്ഷിതിന്റെ വീട്ടിൽ ഫോറൻസിക് സംഘം അടക്കം പരിശോധന നടത്തിയിരുന്നു.