മമ്മൂക്ക മൈൻഡ് ചെയ്തില്ല, എന്റെ മനസ് തകർന്നുപോയെന്നും പറഞ്ഞ് മെസേജ് അയച്ചെങ്കിലും മറുപടിയില്ല; പിറ്റേന്ന് കണ്ടപ്പോൾ മെഗാസ്റ്റാർ പ്രതികരിച്ചത്
മോഹൻലാലിന്റെ കൂടെ ആദ്യമായി അഭിനയിക്കുമ്പോൾ ഭയങ്കര പേടിയായിരുന്നെന്ന് നടി ബീന ആന്റണി. അനുജത്തി വേഷത്തിലാണ് ബീന അഭിനയിച്ചത്. മോഹൻലാൽ സെറ്റിൽ വന്നുകഴിഞ്ഞാൽ ഭയങ്കര ജോളിയാണെന്ന് നടനും ബീനയുടെ ഭർത്താവുമായ മനോജും പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരദമ്പതികൾ. 'ആൾക്കൂട്ടത്തിനിടയിൽ മാത്രമേ ലാലേട്ടൻ ഭയങ്കര സീരിയസ് ആയിട്ട് പോകുന്നുള്ളൂ. ലാലേട്ടൻ ഒരു ദിവസം പോയപ്പോൾ മൈക്ക് കണ്ണിൽ തട്ടിയില്ലേ. അത്തരത്തിൽ പേടി കാണും. എന്നാൽ സെറ്റിൽ വരുന്ന ലാലേട്ടന്റെ ഫേസ് വേറെയാണ്. ഫാമിലിയിലെ ഒരാളെപ്പോലെയാണ് പെരുമാറുക. ലാലേട്ടന്റെ അമ്മയുമായി ഞാൻ നല്ല അടുപ്പമാണ്. ഒരു കൃഷ്ണനെ കൊടുത്തിരുന്നു. അമ്മ സുഖമില്ലാതെ കിടന്നപ്പോൾ ഞങ്ങൾ കാണാൻ പോയി. അമ്മ ഐസിയുവിലായിരുന്നു. കാണാൻ പറ്റിയില്ല. ലാലേട്ടൻ അവിടെ ഉണ്ടായിരുന്നു.
എന്റെ കൈയിൽ എപ്പോഴും കൊണ്ടുനടന്ന കുഞ്ഞികൃഷ്ണൻ ഉണ്ടായിരുന്നു. അമ്മയുടെ അടുത്ത് വയ്ക്കണമെന്ന് പറഞ്ഞ് ആ കൃഷ്ണനെ കൊടുത്തു. പ്രസാദം വാങ്ങുന്നതുപോലെയാണ് ലാലേട്ടൻ അത് വാങ്ങിയത്. അതുകഴിഞ്ഞ് രണ്ട് മൂന്ന് വർഷം കഴിഞ്ഞാണ് മിസ്റ്റർ ഫ്രോഡ് ചെയ്യുന്നത്. അപ്പോൾ കണ്ടപ്പോൾ കൃഷ്ണൻ അവിടെ ഉണ്ട്‌ട്ടോ എന്ന് പറഞ്ഞു. മമ്മൂക്കയും അങ്ങനെ തന്നെയാണ്. കോമഡി സ്‌റ്റൈലിലൊക്കെയായിരിക്കും ഗുഡ് മോണിംഗ് പറയുക. കമ്മത്ത് ആൻഡ് കമ്മത്തിൽ അഭിനയിക്കുമ്പോൾ രാവിലെ മമ്മൂക്ക വന്നപ്പോൾ എല്ലാവരെയും നോക്കിയങ്ങ് പോയി. നമസ്തെ കാണിക്കാനായി നിൽക്കുകയായിരുന്നു ഞാൻ. എന്നെ കണ്ടിട്ടുണ്ട്. പുള്ളി മൈൻഡ് ചെയ്യാതെ പോയി. പെട്ടെന്ന് സങ്കടം വരുന്നയാളാണ് ഞാൻ. മമ്മൂക്കയൊക്കെ അങ്ങനെ ചെയ്യുമ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല. വൈകിട്ടായപ്പോൾ ഞാൻ മമ്മൂക്കയ്ക്ക് മെസേജിട്ടു. എനിക്ക് നന്നായി വേദനിച്ചു മമ്മൂക്കാ, എന്റെ മനസ് തകർന്നുപോയി. മമ്മൂക്ക നോക്കിയിട്ട് ചിരിക്കുക പോലും ചെയ്യാതെ പോയില്ലേ എന്ന് പറഞ്ഞാണ് മെസേജ് അയച്ചത്. മറുപടിയൊന്നുമില്ല. അടുത്ത ദിവസം ഷൂട്ടിംഗിന് പോയി. ഞാൻ ദൂരെ മാറിനിന്നു. മമ്മൂക്ക എന്നെ കണ്ട്. അവിടന്ന് നടന്ന് വന്ന് ചിരിച്ചുകൊണ്ട് ഗുഡ് മോണിംഗ് , ഓക്കെയല്ലേ എന്ന് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി'- മനോജ് വ്യക്തമാക്കി.