'മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണത്തിൽ ലക്ഷ്യം മുഖ്യമന്ത്രി'; സർക്കാരിനും സിപിഎമ്മിനും ഒന്നും മറയ്ക്കാനില്ലെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരായ ആരോപണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2023ൽ നടന്ന കാര്യമാണ് വലിയ സംഭവമായി അവതരിപ്പിക്കുന്നത്. ഇഡി നടപടി എടുക്കാത്തത് കൊണ്ടുതന്നെ പൊള്ളത്തരം വ്യക്തമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നു. സർക്കാരിനും സിപിഎമ്മിനും ഒന്നും മറയ്ക്കാനില്ല. ഏത് അന്വേഷണവും നേരിടാൻ തയ്യാർ. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഒരു ഏജൻസിയായി ഇഡി മാറിയെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോദ്ധ്യമുള്ള കാര്യമാണ്. എന്തെങ്കിലും കഴമ്പുള്ള കേസായിരുന്നെങ്കിൽ ഒന്നര വർഷത്തിലധികമായി ഇഡി വെറുതെയിരിക്കുമായിരുന്നോ? ഹാജരാകാത്ത ഒരാൾക്കെതിരെ ചെറിയ തുടർ നടപടികൾ പോലും സ്വീകരിക്കാത്ത ഇഡി ഈ കേസിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്'- വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം, കള്ളപ്പണം വെളിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ച വിവരം പൂഴ്ത്തിവെച്ചതിൽ ദുരൂഹതയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി പറഞ്ഞു. ഇ.ഡി 2023ലാണ് നോട്ടീസ് നൽകിയത്. എന്നാലത് ഇപ്പോഴാണ് പുറത്തുവന്നത്. അതീവ രഹസ്യമായിട്ടാണ് ഇഡി മുഖ്യമന്ത്രിയുടെ മകന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സമൻസ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾക്കെതിരെ നോട്ടീസ് നൽകിയാൽ അത് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ രാജ്യവ്യാപകമായിയത് പ്രസിദ്ധീകരിക്കും. ഒരു കാര്യവുമില്ലെങ്കിലും ചോദ്യം ചെയ്യലും അറസ്റ്റും മറ്റുമായി വലിയ വാർത്താപ്രാധാന്യം അവർ ഉണ്ടാക്കിയെടുക്കും. നാഷണൽ ഹെറാൾഡ് കേസ്, ജാർഖണ്ഡിൽ ഹേമന്ത് സോറൻ തുടങ്ങിയവരുടെ കേസിൽ കാട്ടിയ കോലാഹലം നമ്മുക്ക് മുന്നിലുണ്ട്. കേരളത്തിലെ സിപിഎം മുഖ്യമന്ത്രിയുടെയും മകന്റെയും കാര്യത്തിൽ ഇ.ഡി അത്തരം വലിയ പ്രചരണത്തിന് നിന്നില്ല. മുഖ്യമന്ത്രിയുടെ മകനെതിരായ തുടർ നടപടിയെന്തായിരുന്നുവെന്ന് ഇ.ഡി സമാധാനം പറയണം. ഈ കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്‌തോ? ഈ കേസ് ഇപ്പോഴും നടക്കുന്നുണ്ടോ? ഉൾപ്പെടെ ഇ.ഡിയിൽ നിന്ന് മറുപടി കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.