"അൺലെക്കി സ്റ്റാർ, രാശിയില്ലാത്തവൻ എന്ന് പറഞ്ഞ് ആരും വിളിക്കാതെയായി; ടാക്സി ഓടിക്കാൻ തുടങ്ങി, താമസവും അതിൽത്തന്നെ"

Saturday 11 October 2025 4:22 PM IST

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് നവീൻ അറക്കൽ. ജീവിതത്തിൽ താൻ അനുഭവിച്ച വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടനിപ്പോൾ. ഒരു ചാനൽ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ജീവിതത്തെക്കുറിച്ച് പറഞ്ഞത്.

'സമയം സംഗമം എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. അന്ന് അഞ്ഞൂറ് രൂപയായിരുന്നു കിട്ടിയത്. പിന്നെ ഞാൻ റിലയൻസ് ലൈഫ് ഇൻഫോ കോമിൽ ജോലി ചെയ്തു. പക്ഷേ അഭിനയിക്കണമെന്ന ഭ്രാന്ത് ഉള്ളിലുണ്ടായിരുന്നു. അങ്ങനെ മിന്നൽ കേസരിയിൽ നായകനായി അഭിനയിക്കാനായി. എന്റെ സമയ ദോഷം കൊണ്ട് അമ്പത് ഏപ്പിസോഡിൽ അവസാനിച്ചു. രണ്ടാമതൊരു പ്രോജക്ടിൽ വിളിച്ചു. ക്ലൈമാക്സ് സമയത്താണ് ഞാൻ പോയി ജോയിൻ ചെയ്തത്. രണ്ടാമത്തെ ഷെഡ്യൂളിൽ അതും നിന്നു. അൺലെക്കി സ്റ്റാർ, രാശിയില്ലാത്തവൻ എന്ന പേരിൽ എന്നെ ആരും അഭിനയിക്കാൻ വിളിക്കാതായി. എന്റെ ഭാര്യയ്ക്കും ഫാമിലിക്കുമൊക്കെ അറിയാം.

ആ സമയത്ത് ഞാൻ കല്യാണം കഴിച്ചിട്ടേയുള്ളൂ. മീഡിയ ഫീൽഡിൽ നിന്ന് യാതൊരു സപ്പോർട്ടുമില്ല. മാനസികമായി ഭയങ്കര ഭീകരാവസ്ഥയായിരുന്നു. ആരും ആവസരം തരാതായപ്പോൾ, വീട്ടിൽ വെറുതെയിരിക്കുന്നത് മോശമല്ലേ. ഞാൻ ആ സമയത്ത് ഒരു ടാക്സി എടുത്തു. രണ്ടരക്കൊല്ലം പോയി. ഹിന്ദിക്കാരെ വിമാനത്താവളത്തിൽ നിന്ന് പിക്ക് ചെയ്യും, ആദ്യം മൂന്നാറിൽ പോകുന്നു. അന്നത്തെ ദിവസം കാറിലാണ് സ്‌റ്റേ. ബാത്ത്റൂമൊന്നുമില്ല. രണ്ടാമത് തേക്കടി, പിന്നെ തിരുവനന്തപുരം വരുന്നു. ടാക്സിക്ക് മഞ്ഞ ബോർഡ് ആണല്ലോ. ആ മഞ്ഞ ബോർഡ് മാറ്റി അതേ സെയിം നമ്പരിൽ വെള്ള ബോർഡ് എടുത്തിടും. കാര്യം തിരുവനന്തപുരത്ത് ചെല്ലുമ്പോൾ പലപ്പോഴും നീ ടാക്സി ഓടിച്ചാണോ ജീവിക്കണതെന്ന് ഓരോരുത്തരും ചോദിക്കും. അതെനിക്ക് വല്ലാത്ത വിഷമമായി.

രണ്ടരക്കൊല്ലം ടാക്സി ഓടിച്ചു.അന്ന് ഫാമിലി മാത്രമേ പിന്തുണച്ചുള്ളൂ. എവിടെയെങ്കിലും ചെല്ലുമ്പോൾ ആളുകൾ നല്ല കണ്ടുപരിചയമുണ്ടല്ലോ എന്നൊക്കെ പറയും. എന്തിനാണ് ടാക്സി ഓടിക്കുന്നതെന്നും, അയ്യയ്യേ അങ്ങനെ ചെയ്യല്ലേ നാണക്കേടാണെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. എന്റെ ഭാര്യ ടീച്ചറാണ് ആ സമയത്ത്യ ഭർത്താവ് എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുമ്പോൾ ടാക്സി ഡ്രൈവറാണെന്ന് പറയുമ്പോൾ എന്റെ ഉള്ളിലാണ് അലട്ടുന്നത്. രണ്ടര വർഷം കഴിഞ്ഞ് ഇതങ്ങ് വിട്ടു. എല്ലാവരോടും ചാൻസ് ചോദിച്ചു. അവിടെ നിന്ന് ബാലാമണി എന്ന സീരിയലിൽ എൻട്രി കിട്ടി. ഇന്ന് ദൈവം അനുഗ്രഹിച്ച് നന്നായി പോകുന്നു.'- നവീൻ അറക്കൽ പറഞ്ഞു.