പാലക്കാട്ടെ റെയിൽവേ വികസനങ്ങൾക്ക് കരുത്തേകാൻ പിറ്റ്‌ലൈൻ

Sunday 12 October 2025 2:54 AM IST

നീണ്ട കാത്തിരിപ്പിന് അങ്ങനെ വിരാമമാകുന്നു... പാലക്കാട് റെയിൽവേ ഡിവിഷണൽ ആസ്ഥാനത്ത് നിന്ന് ദീർഘദൂര ട്രെയിനുകൾ ചൂളംവിളിച്ച് കൂകിപ്പായാൻ ഇനി അധികകാലമെടുക്കില്ല. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ്‌ലൈൻ 2026 ജനുവരിയിൽ പൂർത്തിയാക്കും. പദ്ധതി യാഥാർത്ഥ്യമായാൽ വന്ദേഭാരത്, മെമു ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പിലാണ് പാലക്കാട് ഡിവിഷൻ.

നഗരത്തിന്റെ വികസനത്തിനും തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാനും കഞ്ചിക്കോട് വ്യവസായ മേഖലയിൽ അസംസ്‌കൃത വസ്തുക്കൾ തടസങ്ങളില്ലാതെ എത്തിക്കാനും സഹായമായി ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈൻ മാറും. വ്യവസായ ഇടനാഴിക്കുള്ള അടിസ്ഥാന സൗകര്യമായി മാറുന്ന പദ്ധതി പ്രവർത്തനം തുടങ്ങുന്നതോടെ നഗരത്തിന്റെ വ്യവസായ- വാണിജ്യ സാദ്ധ്യതയും വലിയതോതിൽ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. കോയമ്പത്തൂർ, പൊള്ളാച്ചി മേഖലകളിൽ നിന്നുള്ള ചരക്കുഗതാഗതവും ശക്തമാകും. അന്യ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന കൂടുതൽ ട്രെയിൻ സർവീസുകൾ പാലക്കാട് നഗരത്തിൽ നിന്നുതന്നെ ആരംഭിക്കാനും പിറ്റ് ലൈൻ സഹായിക്കും. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും മാത്രമല്ല, യാത്രാ സർവീസുകൾക്കും പിറ്റ് ലൈൻ കേന്ദ്രമാകും. അതോടെ ഒരു വലിയ റെയിൽവേ സ്റ്റേഷന്റെ അനുബന്ധ വികസനമാണു നഗരത്തിൽ പ്രതീക്ഷിക്കുന്നത്.

61 കോടി ചെലവിലാണ് പിറ്റ്‌ലൈൻ നിർമ്മാണം. ഈ വർഷം ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കി പുതുവർഷത്തിൽ കമ്മിഷൻ ചെയ്യാനാണു ലക്ഷ്യമിടുന്നത്. പാലക്കാട് വഴി കടന്നുപോകുന്ന കർണാടക, തമിഴ്നാട് സർവീസുകൾക്കു നിലവിൽ, സമയബന്ധിതമായ പരിപാലന സൗകര്യം കേരളത്തിൽ ഇല്ലാത്തത് ട്രെയിൻ സർവീസുകളെ ബാധിക്കുന്നുണ്ട്. മംഗളൂരു കഴിഞ്ഞാൽ ഷൊർണൂരിൽ പിറ്റ് ലൈൻ ഉണ്ടെങ്കിലും അതു പാസാഞ്ചറുകൾക്കു മാത്രമാണ് ഉപകാരപ്പെടുന്നത്. പല ട്രെയിനുകളും പരിപാലനത്തിനായി മറ്റിടങ്ങളെ ആശ്രയിക്കുന്നതു കുറയുന്നതോടെ സമയക്രമം പാലിക്കാനാകും. പിറ്റ് ലൈൻ റെയിൽ ഗതാഗതത്തെ കോയമ്പത്തൂരുമായി കൂടുതൽ അടുപ്പിക്കുന്നതു വ്യവസായ ഇടനാഴിക്കു വലിയ സഹായമാകും. പോത്തനൂർ മേഖല കേന്ദ്രമാക്കി തുടങ്ങിയ റെയിൽവേ വികസനത്തിന്റെ ഫലം പാലക്കാടിനു ലഭിക്കാനും പിറ്റ് ലൈൻ വഴിയൊരുക്കും. പോത്തനൂരിൽ പുതിയ പാതയും വന്ദേഭാരത് ട്രെയിനുകൾക്കു വേണ്ട പ്രത്യേക സംവിധാനങ്ങളും താമസിയാതെ നിർമ്മാണം ആരംഭിക്കും.

കുതിച്ചുപായാൻ

ബൈപാസ് ട്രാക്ക് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾക്കു നിലവിൽ കുപ്പിക്കഴുത്തായി മാറിയ പാലക്കാട് ജംഗ്ഷൻ- പാലക്കാട് ടൗൺ റെയിൽവേ പാതയിലെ പ്രതിസന്ധിക്കു നിർദിഷ്ട ബൈപാസ് നിർമ്മാണം പരിഹാരമാകും. മേഖലയിലെ റെയിൽവേ വികസനം വ്യവസായ ഇടനാഴിയുടെ കുതിപ്പിനു കരുത്തേകും. ടൗണിൽ നിന്നു ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിലെത്തുന്ന ഒറ്റവരി ട്രാക്കിനു സമാന്തരമായാണു ബൈപാസ് വരുന്നത്. പാലക്കാട് ജംഗ്ഷനിൽ പോകാതെ ഷൊർണൂർ പാതയിലേക്കു കയറുകയാണു ലക്ഷ്യം.

നിലവിൽ ഈ ട്രെയിനുകൾ 40 മിനിറ്റ് അധികമെടുത്താണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ടൗണിൽ നിന്ന് ആരംഭിക്കുന്ന ട്രെയിനുകൾ പഴയ ഓട്ടുകമ്പനിക്കു സമീപത്തുനിന്നു വളഞ്ഞുതിരിഞ്ഞു വേണം പാലക്കാട് ജംഗ്ഷനിലെത്താൻ. ബൈപാസ് ട്രാക്ക് വരുന്നതോടെ അത് ഒഴിവാകും. പിറ്റ്‌ലൈൻ വരുന്നതോടെ, അറ്റകുറ്റപ്പണി കഴിയുന്ന ട്രെയിനുകൾക്കും പുതിയ ട്രെയിനുകൾക്കും ഇതുവഴി വേഗത്തിൽ സർവീസ് നടത്താം. നിലവിൽ ഒറ്റവരി ട്രാക്കിൽ ഇഴഞ്ഞാണു സർവീസുകൾ.

റിപ്പോർട്ട് കൈമാറി

മേഖലയിലെ റെയിൽ ഗതാഗതത്തിന് വലിയ സാദ്ധ്യതകൾ തുറക്കുന്ന ബൈപാസ് ട്രാക്കിന്റെ പദ്ധതിക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജറുടെ അംഗീകാരം. അന്തിമ അനുമതിക്കായി പദ്ധതി റിപ്പോർട്ട് കൊച്ചിയിലെ റെയിൽവേ നിർമാണ വിഭാഗം റെയിൽവേ ബോർഡിനു കൈമാറിയിട്ടുണ്ട്. കാവിൽപ്പാട് പഴയ റെയിൽവേ ഗേറ്റ് മുതൽ ഷൊർണൂർ പാതയിലെ പറളി വരെ 1.85 കിലോമീറ്റർ നീളത്തിൽ 200 കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ പിറ്റ്‌ലൈൻ പൂർത്തിയാകുന്നതോടെ ഇവിടെ നിന്നു കൊങ്കൺ പാതയിലും പൊള്ളാച്ചി പാതയിലും പുതിയ ട്രെയിനുകൾ ആരംഭിക്കാൻ ബൈപാസ് സഹായകമാകും. അമൃത എക്സ്പ്രസ് ഉൾപ്പെടെ പൊള്ളാച്ചി ലൈനിലൂടെ പാലക്കാട് ടൗൺ സ്റ്റേഷൻ വഴി പോകുന്ന ട്രെയിനുകൾ നിലവിൽ പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിലെത്തി എൻജിന്റെ ദിശ മാറ്റിയാണു യാത്ര തുടരുന്നത്. ഇതിനായി 40 മിനിറ്റ് അധികം എടുക്കുന്നുണ്ട്.

ബൈപാസ് ട്രാക്കിനായി 3 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. രണ്ടിടത്തു സിഗ്നൽ സംവിധാനമുണ്ടാകും.

ജനവാസം കൂടുതലുള്ളിടത്ത് അടിപ്പാത നിർമ്മിക്കും. ഭാവിയിൽ ഡബിൾലൈനിന് ഭൂമി കണ്ടെത്താനും നിർദേശമുണ്ട്. പദ്ധതിച്ചെലവ് 500 കോടി രൂപയ്ക്കു താഴെയായതിനാൽ റെയിൽവേ ബോർഡിന് തീരുമാനമെടുക്കാം. അതിൽ കൂടുതൽ ചെലവുള്ള പദ്ധതികൾക്ക് നിതി ആയോഗിന്റെ അംഗീകാരത്തിനു ശേഷം റെയിൽവേ – ധനമന്ത്രാലയങ്ങൾ അന്തിമാനുമതി നൽകണമെന്നാണ് വ്യവസ്ഥ.