ഐങ്കൊമ്പിൽ ആന ഇടഞ്ഞു. കടകൾക്കും,കാറുകൾക്കും നാശം
Sunday 12 October 2025 12:58 AM IST
പാലാ : ഐങ്കൊമ്പ് അഞ്ചാം മൈൽ ഭാഗത്ത് കുളിപ്പിച്ചുകൊണ്ടിരിക്കെ ഇടഞ്ഞ ആന പാലാ - തൊടുപുഴ ഹൈവേയിലൂടെ ഓടി കടകൾക്കും, കാറുകൾക്കും നാശംവരുത്തി. ഇന്നലെ വൈകിട്ട് 3.15 ഓടെ വേണാട്ടുമറ്റം ഗോപാലൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. വീടുകളുടെ മുറ്റത്തേക്ക് ഓടിക്കയറിയ ആന കാറുകളും വിവിധ സാധന സാമഗ്രികളും നശിപ്പിച്ചു. ഐങ്കൊമ്പ് ജംഗ്ഷനിലെ ഒരു കടയുടെ ചില്ല് തകർത്തു. ഫർണിച്ചർ കടയിലെ സാധനങ്ങൾ ചവിട്ടിതെറിപ്പിച്ചു. കരിമരുതുംചാലിൽ റെജിയുടെ വീടിന്റെ പോർച്ചിൽ കിടന്ന രണ്ട് കാറുകൾക്കിടയിലൂടെ ആന ഞെരുങ്ങി നീങ്ങിയപ്പോൾ കാറുകൾക്കും കേടുപാടുണ്ടായി. സമീപത്തുള്ള തോട്ടുങ്കൽ ജിജിയുടെ പുരയിടത്തിലേക്ക് ഓടിക്കയറിയ ആനയെ നാലുമണിയോടെ നാട്ടുകാരുടെ സഹായത്തോടെ പാപ്പാന്മാർ തളച്ചു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.