മുനമ്പം പ്രശ്നത്തിൽ ആശ്വാസ വിധി

Sunday 12 October 2025 2:01 AM IST

അറുനൂറോളം കുടുംബങ്ങളെ അനിശ്ചിതത്വത്തിന്റെ മുനമ്പിൽ വർഷങ്ങളോളം നിറുത്തിയിരുന്ന ഒരു വലിയ പ്രശ്നത്തിനാണ് മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ചത് നിയമപരമായി തെറ്റാണെന്നും,​ഇത് നടപ്പാക്കാനാവില്ലെന്നുമുള്ള ഹൈക്കോടതി വിധിയിലൂടെ പരിഹാരമായിരിക്കുന്നത്.

മുഹമ്മദ് സിദ്ദിഖ് സെയ്‌ദ് എന്ന വ്യക്തി 1950-ൽ കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് ഇഷ്ടദാന ആധാര പ്രകാരം കൈമാറിയ വസ്തുവാണിത്. ഇഷ്ടദാനമായി നൽകിയിരിക്കുന്ന ആധാരം വഖഫ് ആധാരമായി കണക്കാക്കാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീലിൽ തീർപ്പ് കൽപ്പിച്ചത്. മുനമ്പം കമ്മിഷനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ സർക്കാർ നിയോഗിച്ചത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിച്ചതു പോലെയാണെങ്കിൽ ഭാവിയിൽ പഴയ രേഖകളുടെ പേരിൽ താജ്‌മഹലും ചെങ്കോട്ടയും ഹൈക്കോടതി കെട്ടിടവുമൊക്കെ വഖഫായി പ്രഖ്യാപിക്കാവുന്ന അവസ്ഥയിലാണല്ലോ എന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി. ഇന്ത്യ പോലുള്ള മതനിരപേക്ഷ രാജ്യത്ത് ഇത്തരത്തിൽ വൈകിയതും വിചിത്രവുമായ അധികാര പ്രയോഗം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 1950-കളിൽ കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് കൈമാറിയപ്പോൾ 404 ഏക്കർ ഭൂമി ഉണ്ടായിരുന്നു. ഈ ഭൂമിയുടെ പരിപാലനം കോഴിക്കോട്ടിരുന്നുകൊണ്ട് ഫാറൂഖ് കോളേജ് അധികൃതർക്ക് നടത്താൻ കഴിയാതെ വരികയും,​ കടൽകയറ്റത്തെത്തുടർന്ന് പകുതിയിലേറെ ഭൂമി നഷ്ടപ്പെടുകയും ചെയ്‌ത സാഹചര്യത്തിലാണ് അവർ ഇത് വീടുവയ്ക്കാനും മറ്റുമായി പലർക്കായി മുറിച്ചു വിറ്റത്.

ഇപ്പോൾ മുനമ്പത്ത് താമസിക്കുന്നവർ വില കൊടുത്താണ് ഭൂമി വാങ്ങിയത്. ഇവരുടെ ഇളയ തലമുറയിൽപ്പെട്ടവരാണ് ഇപ്പോൾ അവിടെ കഴിയുന്നത്. മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന പരവൂർ കോടതിയുടെ വിധി വന്ന നാൾ മുതൽ ഇവിടെ താമസിച്ചിരുന്ന അറുനൂറോളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിലായിരുന്നു. കേസുകൾ നടക്കുന്നതിനാൽ ഭൂമി ഒരു കാരണവശാലും കൈമാറാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു. വർഷങ്ങളായി കഴിയുന്ന ഭൂമിയിൽ നിന്ന് തങ്ങളെ ഇറക്കിവിടുന്നത് ഏതു നിയമത്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ അവർ സമരം നടത്തിവരികയായിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും സർക്കാരും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും കോടതികളിൽ നിയമ പോരാട്ടം നടക്കുന്നതിനാൽ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. വളരെക്കാലമായി ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ച് നീറിപ്പുകഞ്ഞിരുന്ന പ്രശ്നത്തിനാണ് ഇഷ്ടദാന ഭൂമി വഖഫായി കണക്കാക്കാനാവില്ലെന്ന ഹൈക്കോടതി വിധിയോടെ പരിഹാരമായിരിക്കുന്നത്.

മുനമ്പം തർക്ക പരിഹാരത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന് തുടരാനാവില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചിരിക്കുന്നത്. 69 വർഷത്തിനു ശേഷമുള്ള വഖഫ് ബോർഡിന്റെ ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്നും ഹൈക്കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബോർഡിന്റെ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഇനിയും ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് പോകാതിരിക്കാനുള്ള വിവേകം വഖഫ് ബോർഡിന്റെയും കേസുമായി ബന്ധപ്പെട്ട മറ്റു കക്ഷികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.