തലശ്ശേരി ബാംഗ്ലൂരു റൂട്ടിൽ പുതിയ എ.സി സീറ്റർ ബസ്

Saturday 11 October 2025 7:04 PM IST

തലശ്ശേരി: തലശ്ശേരി ബാംഗ്ലൂർ റൂട്ടിൽ കെ എസ് ആർ ടി സി തലശ്ശേരി ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ എ.സി സീറ്റർ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ .ഷംസീർ നിർവഹിച്ചു.സൗകര്യത്തിലും ഭംഗിയിലും സ്വകാര്യ ബസുകളെ മറികടക്കുന്ന ബസുകൾ നിരത്തിൽ ഇറക്കുകയാണ് കെ.എസ്.ആർ.ടി.സി. സാധാരണക്കാരായ ആളുകൾക്ക് കുറഞ്ഞ ചെലവിലും സൗകര്യത്തോടുകൂടിയുള്ള യാത്രയാണ് ഇതുവഴി ലഭ്യമാകുന്നത്. എല്ലാ ദിവസവും രാത്രി ഒൻപതരക്ക് തലശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്കും രാത്രി 9.45ന് ബാംഗ്ലൂരിൽ നിന്നും തലശ്ശേരിയിലേക്കുമാണ് സർവീസ്. ഒരാൾക്ക് 1060 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനായി എന്റെ കെ.എസ്.ആർ.ടി.സി ആപ്പ് വഴിയും ബുക്ക് ചെയ്യാം. 50 സീറ്റോട് കൂടിയുള്ള ബസ്സിൽ എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് പോയിന്റ്, വൈഫൈ സംവിധാനം, വീഡിയോ ഓഡിയോ സിസ്റ്റം തുടങ്ങി അത്യാധുനിക സംവിധാനങ്ങളുണ്ട്. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ മുഹമ്മദ് റഷീദ് പങ്കെടുത്തു.