ബേക്കറി ഉടമയായ സ്ത്രീയുടെ ആത്മഹത്യ, കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്‌ളിനെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് ജോസ് ഫ്രാങ്ക്ളിന്റെ ലൈംഗികാതിക്രമത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് സ്ത്രീയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു.
നാല് മാസം മുമ്പ് നാട്ടിൽ തുടങ്ങിയ ബേക്കറിക്കായി സബ്സിഡിയുള്ള വായ്പ തരപ്പെടുത്തി നൽകാമെന്ന് മോഹിപ്പിച്ചാണ് ചൂഷണം. ഫോൺ വിളികളിലൂടെയും അല്ലാതെയും നിരന്തരം ശല്യം ചെയ്തു. മക്കൾക്കെഴുതിയ ആത്മഹത്യാകുറിപ്പിൽ വീട്ടമ്മ ഇക്കാര്യങ്ങൾ പരാമർശിച്ചിരുന്നു. ഫോൺ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് കോൺഗ്രസ് നേതാവിനെ നെയ്യാറ്റിൻകര പൊലീസ് പ്രതി ചേർത്തത്. ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ലൈംഗികാതിക്രമ കുറ്റവും ചുമത്തി. ജോസ് ഫ്രാങ്ക്‌ളിൻ നിലവിൽ ഒളിവിലാണ്. ഇയാളുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അവിടെയുണ്ടായില്ല. കൗൺസിലറുടെ സാമ്രത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.