ഏറ്റുമുട്ടി ബി.ജെ.പി. സി.പി.എം പ്രവർത്തകർ.... ഏറ്റുമാനൂരിൽ തെരുവുയുദ്ധം

Sunday 12 October 2025 12:22 AM IST

കോട്ടയം : ശബരിമലയിലെ സ്വർണ്ണപ്പാളി കാണാതായ സംഭവത്തിൽ മന്ത്രി വി.എൻ.വാസവന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവങ്ങൾക്ക് തുടക്കം. തവളക്കുഴിയിൽ നിന്ന് ആരംഭിച്ച മാർച്ച് ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിന് ശേഷം ബി.ജെ.പി സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും സി.പി.എം പ്രവർത്തകർ നശിപ്പിച്ചു. ഇതോടെ പിരിഞ്ഞു പോയ ബി.ജെ.പി പ്രവർത്തകർ കൂട്ടത്തോടെ തിരിച്ചെത്തി റോഡ് ഉപരോധിച്ചു. കൊടിമരം തകർത്തെന്ന് ആരോപിച്ച് സി.പി.എമ്മും പ്രകടനം നടത്തി. ഇതാണ് രൂക്ഷമായ സംഘർഷത്തിലേക്ക് നയിച്ചത്. ഇരുവിഭാഗം പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടി. വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കുകയായിരുന്ന ബി.ജെ.പി പ്രവർത്തകർക്കും മർദ്ദനമേറ്റു. വനിതകളും, കൊച്ചുകുട്ടികളുമടക്കം മർദ്ദനത്തിനിരയായി. ഇരുവിഭാഗത്തിലെയും നിരവധിപ്പേർക്ക് പരിക്കേറ്റു. പി.എ അനീഷ്, ടി.ആർ രാജേഷ്, സരുൺ കെ.അപ്പുക്കുട്ടൻ, നികിത, നികിതയുടെ പ്രായപൂർത്തിയാകാത്ത മകൾ എന്നിവർ പരിക്കേറ്റവരിൽപ്പെടുന്നു.

റോഡ് ഉപരോധിച്ച് ബി.ജെ.പി

സംഭവം അറിഞ്ഞ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സി.കൃഷ്ണകുമാർ, ഷോൺ ജോർജ് എന്നിവരുമെത്തി. അക്രമം കാട്ടിയ സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു. ഇതോടെ മണിക്കൂറുകളോളം ഏറ്റുമാനൂർ നഗരത്തിൽ ഗതാഗത തടസം നേരിട്ടു. പ്രവർത്തകരെ മർദ്ദിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചതിനും പോക്‌സോ വകുപ്പുകളടക്കം ചേർത്ത് കേസെടുക്കാമെന്ന് പൊലീസ് ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

കേന്ദ്ര ഏജൻസി അന്വേഷിക്കണം

ശബരിമലയിലെ സ്വർണപ്പാളി മോഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. പിണറായി സർക്കാരും മുമ്പ് ഭരിച്ച യുഡിഎഫ് സർക്കാരും വിശ്വാസികളെ വഞ്ചിക്കുകയാണ്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലേയും സ്വർണം സംബന്ധിച്ച് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. സി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.

''ബി.ജെ.പി നടത്തിയ മാർച്ചിൽ അയ്യപ്പ സംഗമത്തേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തത് സി.പി.എമ്മിനെ ഭീതിയിലാക്കി. ഇതിൽ വിറളി പൂണ്ടാണ് ആക്രമണം. ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണ്ണ കൊള്ള ഉൾപ്പെടെയുള്ള അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണ് ആക്രമണങ്ങൾക്ക് പിന്നിൽ.

-ലിജിൻ ലാൽ, വെസ്റ്റ് ജില്ലാ പ്രസിഡന്റ്