കണ്ണൂരിൽ നിരത്ത് കീഴടക്കി അനധികൃത തട്ടുകടകൾ

Sunday 12 October 2025 12:28 AM IST

കണ്ണൂർ: കോർപറേഷൻ പരിധിയിൽ ദേശീയ പാത കൈയേറി അനധികൃത തട്ടുകടവ്യാപാരം വ്യാപകമാവുന്നു. താഴെ ചൊവ്വ - ചാല ബൈപാസ് റോഡരികിലാണ് അനധികൃതമായി കൂണുകൾ പൊട്ടിമുളക്കുന്നത് പോലെ തട്ടുകടകൾ വ്യാപകമാവുന്നത്. ചില രാഷ്ട്രീയ- മാഫിയാ സംഘങ്ങളുടെ പിൻബലത്തോടെ നടത്തുന്ന അനധികൃത വ്യാപാരങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ കണ്ടില്ലെന്നു നടിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എഫ്.എസ്.എസ്.എ.ഐ സർട്ടിഫിക്കറ്റിന്റെ മറവിലാണ് ഇത്തരം തട്ടുകടകളുടെ പ്രവർത്തനം. വ്യാപക പരാതിയെ തുടർന്ന് ഒരു തവണ ഇത്തരം അനധികൃത വ്യാപാരം മുഴുവൻ ഒഴിപ്പിച്ചെങ്കിലും വീണ്ടും ഓരോന്നോരോന്നായി പൊങ്ങുകയായിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഇത്തരം കടകൾ പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണി ഉയർത്തുകയാണ്. കോർപറേഷൻ ലൈസൻസും നികുതിയും തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡ് ഉൾപ്പെടെ നിയമ വിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം. നിലനിൽപ്പിനായി പോരാടുന്ന വ്യാപാരി സംഘടനകൾ ഇത്തരം അനധികൃത വ്യാപാരങ്ങൾക്കെതിരെ സമരരംഗത്താണ്.

കണ്ണടച്ച് അധികൃതർ

നടപടിയെടുക്കേണ്ട ദേശീയപാത, കോർപറേഷൻ, ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ ഇത്തരം അനധികൃത കൈയേറ്റവും കച്ചവടവും കണ്ടില്ലെന്ന് നടിക്കുകയാണ്. വാഹനങ്ങൾ ഇതിനു മുന്നിൽ പാർക്ക് ചെയ്യുന്നത് പൊതുവേ ഗതാഗത കുരുക്കുള്ള മേഖലയിൽ ഗതാഗത തടസത്തിനും കാരണമാവുന്നു.

ജോലി ചെയ്യുന്ന തൊഴിലാളികൾ യാതൊരു ആരോഗ്യ പരിശോധനയ്ക്കും വിധേയമാവാതെയാണ് ജോലി ചെയ്യുന്നത്. ഇവിടെ എത്തുന്ന കുടിവെള്ളം പോലും യാതൊരു പരിശോധനയും നടത്താറില്ല. ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ അന്തരീക്ഷത്തിലും.

ലക്ഷങ്ങൾ ഡെപ്പോസിറ്റായും ആയിരങ്ങൾ പ്രതിദിന വാടകയും കൊടുത്ത് ലൈസൻസും ടാക്സും ഉൾപ്പെടെ നിയമ വിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നിലാണ് ഇത്തരം അനധികൃത വ്യാപാരം, സമൂഹത്തിന് ദ്രോഹകരമായി ആരെയും കൂസാതെ തുടരുന്നത്.

വി ഗോപിനാഥൻ -വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ

താഴെ ചൊവ്വ - ചാല ബൈപാസിൽ ദേശീയ പാത കൈയേറി നടത്തുന്ന അനധികൃത തട്ടുകടകൾ