നാണക്കേടായി എളയാവൂർ വില്ലേജ് ഓഫീസ്; ഇനി തകരാൻ ഒന്നും ബാക്കിയില്ല
കണ്ണൂർ: എളയാവൂർ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറടക്കം അഞ്ച് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്ന പൊതുജനവും കരുതിത്തന്നെയാണ് അകത്ത് കഴിയാറ്. നാൽപത് വർഷം പിന്നിട്ട പഴഞ്ചൻ കെട്ടിടം ഏതുനിമിഷവും നിലംപൊത്താമെന്നതാണ് കാരണം. ദ്രവിച്ചുകിടക്കുന്ന മേൽക്കൂരയും പൊട്ടിക്കിടക്കുന്ന ജനൽച്ചില്ലുകളും ചുറ്റിലും പടർന്നുകയറിയ കാടും മാലിന്യവുമൊക്കെയായി ഒന്നാന്തരമൊരു ഭാർഗവി നിലയമാണ് ഈ വില്ലേജ് ഓഫീസ്.
പുതിയ വില്ലേജ് ഓഫീസിനായി നാലുവർഷം മുമ്പ് അനുവദിച്ച 44 ലക്ഷം തുടർപ്രവർത്തനമില്ലാത്തതിനാൽ ലാപ്സായി പോയിരുന്നു. പുതിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസ് മാറ്റണമെന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല. നടപടിയില്ലാത്തതിന് കാരണവും വ്യക്തമാക്കുന്നില്ല പുതിയ കെട്ടിടത്തിനുള്ള സ്ഥലം കണ്ടെത്തി അധികൃതർ തഹസിൽദാർക്ക് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിലവിൽ പി.ഡബ്ള്യു.ഡിയുടെ പുറംപോക്കിലാണ് ഈ കെട്ടിടമുള്ളത്.
പുതിയ കെട്ടിടത്തിനായി തഹസിൽദാരുടെ നേതൃത്വത്തിൽ കണ്ണൂർ- മട്ടന്നൂർ റോഡ് ജേർണലിസ്റ്റ് കോളനിക്ക് സമീപത്തുള്ള് പത്ത് സെന്റ് സ്ഥലം കണ്ടെത്തിയിരുന്നു. സ്പോർട്സ് കൗൺസിലിന് മൃഗസംരക്ഷണ വകുപ്പ് 2005ൽ പതിച്ചുനൽകിയ സ്ഥലമാണിത്. സ്പോർട്സ് കൗൺസിൽ ഇവിടെ നിലവിൽ ഒന്നും ചെയ്തിട്ടില്ല. ജില്ല കളക്ടറുടെ പ്രത്യേക അധികാരം വച്ച് സ്ഥലം മറ്റൊരു വകുപ്പിന് മാറ്റിനൽകാവുന്നതാണ്.ഇക്കാര്യം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്നും കത്ത് നൽകിയതുമാണ്. പക്ഷെ മറുപടി ലഭിച്ചിട്ടില്ല.
ഉന്നതോദ്യോസ്ഥർ കാണാത്തതല്ല
ജില്ലാ ഭരണസിര കേന്ദ്രത്തിന്റെ മൂക്കിന് താഴെയാണ് എളയാവൂർ വില്ലേജ് ഓഫീസ്. ഇത്രയേറെ അപകടാവസ്ഥിലായിട്ടും കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കാത്തതാണ് നാട്ടുകാരെ അമ്പരപ്പിലാഴ്ത്തുന്നത്. സംസ്ഥാനത്തെ മറ്റ് വില്ലേജ് ഓഫീസുകളും സർക്കാർ ഓഫീസുകളും പുതുക്കി പണിയുകയോ അറ്റ കുറ്റ പണികൾ പൂർത്തിയാക്കുകയോ ചെയ്തിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് അപമാനമാണ് എളയാവൂർ വില്ലേജ് ഓഫീസെന്നാണ് ഇവിടെ എത്തുന്നവരെല്ലാം പറയുന്നത്. അപകടമുണ്ടാകുന്നതിന് മുന്നെ പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.