ആർട്ടിസ്റ്റ് രാജാരവിവർമ്മ ഗ്രന്ഥശാല പൊളിക്കാൻ നീക്കം

Sunday 12 October 2025 1:09 AM IST

കല്ലമ്പലം: മണമ്പൂർ ആർട്ടിസ്റ്റ് രാജാരവിവർമ്മ ഗ്രന്ഥശാല പൊളിക്കാൻ നീക്കം. കിളിമാനൂർ കൊട്ടാരം സംഭാവനയായി നൽകിയ പൈതൃക സ്വത്തിലാണ് ഗ്രന്ഥശാല. ഇപ്പോൾ കെട്ടിടം പൊളിയ്ക്കാനും അതിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പരസ്യമായി ലേലം ചെയ്യുന്നതായും വായനശാലയുടെ ചുവരിൽ നോട്ടീസ് പതിച്ചിരിക്കുന്നതായി ഗ്രന്ഥശാലാ അംഗങ്ങളും നാട്ടുകാരുംപറഞ്ഞു.

പൊതുയോഗം കൂടാതെയും നാട്ടുകാരെ അറിയിക്കാതെയും ഇന്ന് ഗ്രന്ഥശാലയുടെ മുന്നിൽ വച്ച് പരസ്യലേലം ചെയ്യുമെന്നാണ് അറിയിപ്പ്. എന്നാൽ ഇതിന് നിയമപരിരക്ഷയില്ലായെന്നും അംഗങ്ങളുടെ അവകാശത്തെ ഹനിക്കുന്നതുമാണെന്നും പൈതൃക സ്വത്തുക്കൾ എന്ത് ചെയ്യണമെന്ന് പൊതുയോഗം കൂടി തീരുമാനിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഗ്രന്ഥശാലാ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി സ്വീകരിച്ചുപോരുന്ന നടപടി നിർത്തി വയ്ക്കണമെന്ന് നാട്ടുകാരും അംഗങ്ങളും കൂട്ടായി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ലൈബ്രറി കൗൺസിലുകൾ ഇടപെട്ട് ലേല നടപടികൾ പുനപരിശോധിക്കണമെന്ന് ജി. പ്രഫുല്ല ചന്ദ്രൻ, ആർ.സെയിൻ, എൽ.മണിലാൽ, കെ .രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.