കേരള പൊലീസിന് കിട്ടി ചോക്ലേറ്റിൽ പൊതിഞ്ഞ ഒരു നന്ദി സ്റ്റേഷനിൽ കത്തും മധുരവും വച്ച് അജ്ഞാത പെൺകുട്ടി

Saturday 11 October 2025 9:11 PM IST

കണ്ണൂർ: ഇന്നലെ പുലർച്ചെ ആറുമണിയോടെ കണ്ണൂരിലെത്തിയ തിരുവനന്തപുരം -കണ്ണൂർ അന്ത്യോദയ എക്സ്‌പ്രസിൽ നിന്നിറങ്ങിവന്ന ഒരു പെൺകുട്ടി നൽകിയ സർപ്രൈസിന്റെ സന്തോഷത്തിലാണ് സ്റ്റേഷനിലെ റെയിൽവേ പൊലീസ്. തന്നെ സംരക്ഷിച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും ഒപ്പം ഒരു ചോക്ളേറ്റുമടക്കമുള്ള പൊതി മേശ മേൽ വച്ച് തിരികെ വണ്ടി കയറിയപ്പോയ ആ പെൺകുട്ടിയുടെ നല്ല വാക്കുകൾ തങ്ങൾക്ക് കിട്ടിയ അംഗീകാരമായി കാണുകയാണ് പൊലീസുകാർ.

വണ്ടിയിൽ നിന്നിറങ്ങി ഒന്നാം പ്ലാറ്റ്ഫോമിലുള്ള റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു പെൺകുട്ടി.മേശപ്പുറത്ത് വച്ച പൊതിയിലുണ്ടായ ഇംഗ്ളീഷിലുള്ള കുറിപ്പിൽ പ്രിയപ്പെട്ട കേരള പൊലീസിന് നന്ദി പറയുന്നുവെന്നും അർദ്ധരാത്രി പട്രോളിംഗ് നടത്തിയ ആ ആളുകൾ തന്നെ വളരെയധികം സംരക്ഷിച്ചതായി തോന്നിയെന്നുമായിരുന്നു എഴുതിയിരുന്നത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് പെൺകുട്ടി ഓടിക്കയറി പൊതി വച്ചിട്ട് തിരികെ വണ്ടി കയറി പോകുന്നതായി കണ്ടത്.

കാസർകോട് ഭാഗത്തേക്ക് യാത്രചെയ്ത പെൺകുട്ടിയെക്കുറിച്ച് കൂടുതലൊന്നും പൊലീസിനും അറിയില്ല.

ഇതുപോലൊരു വാക്കുമതി

"ഇതുപോലെ നമ്മുടെ മക്കളുടെ ഒരു വാക്ക്‌ മതി, ഞങ്ങൾക്ക് അഭിമാനം' എന്നാണ് കുട്ടിയെഴുതിയ കുറിപ്പിനെക്കുറിച്ച് h`ലീസ് സാമൂഹികമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. യാത്രയിൽ എവിടെ നിന്നെങ്കിലും ലഭിച്ച സുരക്ഷയായിരിക്കാം ഈ സ്നേഹത്തിന് പിന്നിലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.