ആറളത്തെ ജനവാസ മേഖലകളിൽ ഭീതി പരത്തി കാട്ടുപോത്ത്

Saturday 11 October 2025 9:23 PM IST

ഇരിട്ടി: ആറളം പഞ്ചായത്തിലെ വീർപ്പാട്, ചെടിക്കുളം ഭാഗങ്ങളിലെ ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടുപോത്ത്. ഇന്നലെ രാവിലെ വീർപ്പാട് ഉരുപ്പുംകുണ്ടിൽ പോണാട്ട് തോമസിന്റെ പറമ്പിലാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാരും വനപാലക സംഘവും ചേർന്ന് ഇതിനെ തുരത്തി ആറളം ഫാമിലേക്ക് കയറ്റി വിടുകയായിരുന്നു. ഇവിടെ നിന്നും ഇതിനെ വനത്തിലേക്ക് തുരത്തി വിട്ടതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം ആറളം ഫാമിന്റെ പുനരധിവാസ മേഖലയിൽ കാട്ടുപോത്തിനെ കണ്ടിരുന്നു. ഈ കാട്ടുപോത്ത് പുഴകടന്ന് വീർപ്പാട് ഉരുപ്പുംകുണ്ട് മേഖലയിൽ എത്തിയതാകാമെന്ന് നിഗമനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ മരുതായി ഭാഗത്ത് എത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടി വനത്തിൽ വിട്ടിരുന്നു. മരുതായിൽ നിന്നും പിടിച്ച ഈ കാട്ടുപോത്തിനെ ആറളം വനത്തിലാണ് വിട്ടതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതാണ് കഴിഞ്ഞ ദിവസം ആറളത്ത് എത്തിയതെന്ന പരാതി നിലനിൽക്കെയാണ് ഇന്നലെ വീർപ്പാട്, ചെടിക്കുളം ഭാഗങ്ങളിലും കാട്ടുപോത്ത് ഇറങ്ങിയത്.