ആൾക്കൂട്ട കൊലപാതകം : രണ്ട് പേർ കൂടി അറസ്റ്റിൽ
കായംകുളം: മോഷണം ചോദ്യം ചെയ്ത് തമിഴ്നാട് സ്വദേശിയായ മദ്ധ്യവയസ്കനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. കായംകുളം പുള്ളിക്കണക്ക് കുന്നത്ത് കോയിക്കൽ വടക്കതിൽ രതീഷ് (39), കായംകുളം പുള്ളിക്കണക്ക് ശ്രീഭവനം വീട്ടിൽ അശ്വിൻ (25) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത് .കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
കായംകുളം ചേരാവള്ളി പാലക്കാട്ട് തറയിൽ തെക്കതിൽ വാടകയ്ക്ക് താമസിച്ചു വന്ന കന്യാകുമാരി ദേവിക്കോട് തുടലിക്കാലായി പുത്തൻവീട്ടിൽ ഷിബുവിനെയാണ് (സജി - 49) രണ്ടരവയസുള്ള കുട്ടിയുടെ ബ്രേസ് ലെറ്റ് മോഷണം പോയ സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളും അയൽവാസികളും ചേർന്ന് ബുധനാഴ്ച അടിച്ചുകൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ കുന്നത്തുകോയിക്കൽ പടീറ്റതിൽ വിഷ്ണു (30), ഭാര്യ അഞ്ജന (28), വിഷ്ണുവിന്റെ അമ്മ കനി (51) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.