പഴയ മത്സ്യകന്യക ഓർമ്മയാകും, പുതിയ ശിൽപ്പത്തിന് അനുമതി
ആലപ്പുഴ: വാണിജ്യക്കനാൽക്കരയിൽ കോടതിപ്പാലത്തിന്റെ തെക്കേക്കരയിൽ ആലപ്പുഴയുടെ അടയാളങ്ങളിലൊന്നായി നിലകൊണ്ടിരുന്ന മത്സ്യകന്യക പ്രതിമ ഇനി ഓർമ്മയാകും.
പാലം നവീകരണ ജോലികളുടെ ഭാഗമായി പ്രതിമ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാൻ കിഫ് ബിയുടെ അനുമതിയായി.നിലവിലെ പ്രതിമ മാറ്റി സ്ഥാപിക്കാൻ, പുതിയത് നിർമ്മിക്കുന്നതിന്റെ രണ്ടിരട്ടിയോളം തുക വേണ്ടി വരുമെന്നതും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിൽ
കരാർ കമ്പനിക്കോ, കെ.ആർ.എഫ്.ബിക്കോ ഉറപ്പ് നൽകാനാകാത്ത സാഹചര്യത്തിലാണ് പഴയത് പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാൻ അനുമതി നൽകിയത്.
പഴക്കവും ബലക്ഷയവും കാരണം ഇളക്കുമ്പോൾ പ്രതിമ പൊട്ടിപോകുമോയെന്ന ആശങ്ക കരാർ കമ്പനി നേരത്തെ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷമാണ് പുതിയ പ്രതിമ നിർമ്മിക്കാൻ ധാരണയായത്.
എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗികമായ ഉത്തരവ് ഇതുവരെയും കരാർ കമ്പനിക്കോ കെ.ആർ.എഫ്.ബിക്കോ ലഭിച്ചിട്ടില്ല. ഈ ആഴ്ച ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.
പഴയ പ്രതിമ പൊളിച്ചുമാറ്റുന്നതിന് 36 ലക്ഷം രൂപയാണ് കരാർ കമ്പനി ക്വാട്ട് ചെയ്തിരിക്കുന്നത്.
18.50 ലക്ഷം രൂപയാണ് പുതിയ പ്രതിമയുടെ നിർമ്മാണചെലവ് പ്രതീക്ഷിക്കുന്നത്.
പാലം നവീകരണം വേഗത്തിലാകും
1.മത്സ്യകന്യക പ്രതിമ നീക്കം ചെയ്യൽ വൈകുന്നതിനാൽ സ്ഥലത്തെ രണ്ട് പില്ലറുകളുടെ പൈലിംഗ് ഉൾപ്പെടെയുളള ജോലികൾ തടസപ്പെട്ടിരിക്കുകയാണ്. പ്രതിമയുടെ ഭാഗത്തെ രണ്ടും കോടതിപ്പാലത്തിന്റെ മദ്ധ്യഭാഗത്തുള്ള മൂന്നും പില്ലറുകളുടെ പൈലിംഗാണ് വടക്കേക്കരയിൽ ഇനി ശേഷിക്കുന്നത്
2.അഞ്ച് പില്ലറുകളുടെ പൈലിംഗും കോൺക്രീറ്റും പൂർത്തിയാക്കിയാൽ റിഗ് ഉൾപ്പെടെയുളള യന്ത്രങ്ങൾ തെക്കേക്കരയിലെത്തിച്ച് നിർമ്മാണം വേഗത്തിലാക്കാൻ കഴിയും.പ്രതിമയുടെ പേരിൽ വടക്കേക്കരയിലെ നിർമ്മാണം നീളുന്നത് തെക്കേക്കരയിലെ ജോലികളെയും ബാധിക്കുന്നുണ്ട്
3.ഇരുകരകളിലുമായി 168 പില്ലറുകളാണ് നിർമ്മിക്കാനുള്ളത്. ഇതിൽ 76 എണ്ണത്തിന്റെ പൈലിംഗ് ജോലികൾ പൂർത്തിയായി. പില്ലറുകൾക്ക് മീതെ സ്ഥാപിക്കേണ്ട ഗർഡറുകളുടെ നിർമ്മാണവും വടക്കേക്കരയിൽ പുരോഗമിക്കുന്നുണ്ട്
4. ഇവ പില്ലറുകൾക്ക് മീതെ സ്ഥാപിക്കുന്നതിനായി ക്രെയിനുകൾ പ്രവർത്തിപ്പിക്കാനുള്ള ഇരുമ്പ് പാളങ്ങളുൾപ്പെടെ വടക്കേക്കരയിലെത്തിയിട്ടുണ്ട്. തെക്കേക്കരയിൽ ഔട്ട് പോസ്റ്ര് മുതൽ കോടതിപ്പാലം വരെയുള്ള ഭാഗത്ത് പൈലിംഗ് പുരോഗമിക്കുന്നു
പുതിയ പ്രതിമ
നിർമ്മിക്കാൻ :
18.50 ലക്ഷം രൂപ
പഴയ പ്രതിമ
പൊളിച്ചുമാറ്റാൻ:
36 ലക്ഷം രൂപ
മത്സ്യകന്യകയുടെ പുതിയ പ്രതിമ നിർമ്മിക്കാൻ അനുമതിയായിട്ടുണ്ട്. ഉത്തരവ് ലഭിച്ചശേഷം പഴയ പ്രതിമ പൊളിച്ചുമാറ്റി, പൈലിംഗും പാലംപണിക്ക് ശേഷം പുതിയ പ്രതിമയുടെ നിർമ്മാണം ആരംഭിക്കും
- കെ.ആർ.എഫ്.ബി, ആലപ്പുഴ