രണ്ടാംകൃഷിയിൽ നെൽവില പ്രഖ്യാപിക്കാതെ സർക്കാർ

Sunday 12 October 2025 12:42 AM IST

ആലപ്പുഴ : കുട്ടനാട്ടിൽ രണ്ടാംകൃഷിയുടെ കൊയ്ത്തിനും നെല്ല് സംഭരണത്തിനുമുള്ള നടപടികൾ പുരോഗമിക്കവേ നെല്ലിന്റെ വിലയിലും വിലവിതരണത്തിലും ആശയക്കുഴപ്പം തുടരുന്നു. മിനിമം താങ്ങുവില കിലോയ്ക്ക് 28.10രൂപയായി കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും പ്രോത്സാഹന ബോണസുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ വിഹിതവും ഈ സീസണിലെ വിലയും സംസ്ഥാനം പ്രഖ്യാപിക്കാത്തതാണ് കാരണം.

കഴിഞ്ഞ രണ്ടുവർഷമായി കേന്ദ്രവിഹിതമുൾപ്പെടെ കിലോയ്ക്ക് 28.20രൂപ ക്രമത്തിലാണ് സപ്ളൈകോ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത്. വർഷംതോറും കേന്ദ്രം നെൽവിലയിൽ വർദ്ധന വരുത്തിയെങ്കിലും അതിനനുസൃതമായി പ്രോത്സാഹന ബോണസിൽ കുറവ് വരുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. രണ്ടാംകൃഷിയിൽ നെല്ല് സംഭരണം തുടങ്ങിയ കരുവാറ്റ ഭാഗത്ത് 17കിലോ കിഴിവിലാണ് സപ്ളൈകോ നിയോഗിച്ച മില്ലുകാർ നെല്ല് സംഭരിച്ചത്. ഈർപ്പത്തോതും കിളിർക്കുമെന്ന ഭയവും കാരണം മില്ലുകാരുടെ ആവശ്യം അംഗീകരിക്കാൻ കർഷകർ നിർബന്ധിതരാകുകയായിരുന്നു.

ആദ്യഘട്ട വിളവെടുപ്പ് പ്രകാരം മുൻസീസണിലേക്കാൾ ഹെക്ടറിന് ശരാശരി 300കിലോയിലേറെ നെല്ലിന്റെ കുറവുണ്ടായിട്ടുണ്ട്. വിലയിലും വിളവിലുമുളള ഇടിവ് കൂടാതെ സംഭരണ വിലയിൽ തുടരുന്ന അനിശ്ചിതത്വവും പുഞ്ചകൃഷിയിൽ നിന്ന് കർഷകരെ പിന്നോട്ടടിക്കും.

നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം കാരണം വിളവെടുപ്പിന്റെ പ്രാരംഭ ഘട്ടത്തിൽ കുറച്ച് മില്ലുകൾ മാത്രമാണ് മുന്നോട്ട് വന്നത്. കാലാവസ്ഥാ വ്യതിയാനം, ദുർബലമായ ബണ്ടുകൾ, തവിട്ടുനിറത്തിലുള്ള ചെടികളുടെ ആക്രമണം തുടങ്ങിയ വെല്ലുവിളികളും കർഷകരെ ബാധിച്ചിട്ടുണ്ട്

വില കൂട്ടാതിരിക്കാൻ ശ്രമം

1.തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ദിവസങ്ങൾക്കകം നിലവിൽ വരുമെന്നിരിക്കെ അത് മറയാക്കി വില കൂട്ടാതെ തടിയൂരാനാണ് ശ്രമമെന്ന് കർഷകർ

2.കഴിഞ്ഞ പുഞ്ചകൃഷിയുടെ പണം ഇപ്പോഴും പലർക്കും കിട്ടാനുണ്ട്. കേന്ദ്ര-സംസ്ഥാന വിഹിതം ലഭിക്കുന്ന മുറയ്ക്ക് തുക വിതരണം ചെയ്യുമെന്നാണ് സപ്ലൈകോ അറിയിച്ചത്

3.വിലയുംവിളവും കുറഞ്ഞതിലൂടെ കൃഷി നഷ്ടത്തിലായിരിക്കെ,​ നെല്ലിന്റെ താങ്ങുവിലയും കൈകാര്യച്ചെലവും പ്രഖ്യാപിക്കാതെ കർഷകരെ കഷ്ടത്തിലാക്കുകയാണ് സർക്കാർ

4. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ താത്പര്യമെടുക്കാതായതോടെ 2018-ൽ 15,000 ഹെക്ടറായിരുന്ന രണ്ടാംകൃഷി കൃഷി ഈ സീസണിൽ 8000ത്തിലേക്ക് ചുരുങ്ങി

കണക്കിലെ കളി

2023 ജൂണിൽ 20.40 രൂപയായിരുന്ന താങ്ങുവില കേന്ദ്രം 21.83 രൂപയാക്കിയെങ്കിലും ആനുകൂല്യം കർഷകരിൽ എത്തിയില്ല. സംസ്ഥാനസർക്കാർ പ്രോത്സാഹനത്തുക ആനുപാതികമായി കുറച്ചതോടെ വില കിലോയ്ക്ക് 28.20 രൂപയായി തുടർന്നു. പ്രോത്സാഹനവിഹിതം 7.80 രൂപയിൽ നിന്ന് 6.37യാണ് കുറച്ചത്. പ്രോത്സാഹനവിഹിതവും ചേർത്ത് നെൽവില കിലോയ്ക്ക് 29.37 രൂപയായി ഉയരേണ്ടതായിരുന്നു.

നെൽവിലയിൽ കേന്ദ്ര വർദ്ധനയ്ക്ക് ആനുപാതികമായി സംസ്ഥാന വിഹിതം കുറച്ചതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്. രണ്ടാംകൃഷിയിലെ നെല്ലിന്റെ താങ്ങുവിലയോ സംഭരണനയമോ ഇനിയും വ്യക്തമാക്കാത്ത സർക്കാർ നിലപാടിൽ ആശങ്കയുണ്ട്

- കർഷകർ