ഇവിടുത്തെ കന്നിമാസത്തിലെ ആയില്യം എഴുന്നെള്ളത്ത് ദർശിച്ചാൽ ഒരുവർഷത്തേക്ക് സർപ്പഭയം ഉണ്ടാകില്ല
ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും സർവ ദോഷ നിവാരണത്തിനും ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രമാണ് വെട്ടിക്കോട് ആദിമൂലം നാഗരാജ സ്വാമി ക്ഷേത്രം. കേരളത്തിലെ പുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് വെട്ടിക്കോട് ക്ഷേത്രം. ആലപ്പുഴ ജില്ലയിൽ കായംകുളം- പുനലൂർ പാതയിൽ കറ്റാനത്തിനടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പരശുരാമൻ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിന് മുകളിൽ നാഗപ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന് പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടിക്കോട് ആയതിനാൽ ആദിമൂലം വെട്ടിക്കോട് എന്നാണ് വിശേഷിപ്പിക്കുന്നത്. മഹാവിഷ്ണുവിനൊപ്പ മുള്ള സാക്ഷാൽ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്നാണ് പറയപ്പെടുന്നത്. ത്രിമൂർത്തികളുടെ ചൈതന്യത്തോടെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നതും കിഴക്കോട്ടാണ് ദർശനം. .
കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത് . ക്ഷേത്രത്തിന് ചുറ്റും ധാരാളം നാഗ പ്രതിമകളും ശിൽപ്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ. ഇടവമാസത്തിലെ ആയില്യം മുതൽ കന്നിമാസത്തിലെ ആയില്യംവരെ സർപ്പങ്ങൾക്ക് പുറ്റടവ് കാലമായതിനാൽ ഈ കാലയളവിൽ സർപ്പബലി നടത്താറില്ല. നൂറും പാലും ആയില്യദിവസങ്ങളിൽ മാത്രമെയുള്ളൂ. മറ്റ് ക്ഷേത്രങ്ങളിലെപ്പോലെ ദീപാരാധന, അത്താഴപ്പൂജ എന്നിവ എപ്പോഴുമില്ല.ആയില്യം എഴുന്നള്ളത്ത് ദർശിച്ചാൽ അടുത്ത ഒരു വർഷത്തേക്ക് സർപ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.