ലൈഫ് മിഷൻ ഫ്ലാറ്റ്: വിവാദം തീരുന്നില്ല

Sunday 12 October 2025 12:31 AM IST

വടക്കാഞ്ചേരി: നഗരസഭയിലെ ചരൽപറമ്പ് ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയം പുനർനിർമ്മാണ വഴിയിലേക്ക് നീങ്ങുമ്പോൾ വീണ്ടും വിവാദം കത്തിക്കാളുന്നു. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി രണ്ട് വർഷം മുമ്പ് ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചെന്നും അത് ഫ്‌ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ടാണെന്ന വാർത്തയുമാണ് വീണ്ടും ചർച്ചയാകുന്നത്.

2018ലെ പ്രളയ ബാധിതരായ 140 ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്കായി നിർമ്മാണമാരംഭിച്ച ഭവന സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിർമ്മാണം അഴിമതി ആരോപണത്തെ തുടർന്ന് 2020 ഒക്ടോബറിൽ നിലച്ചു. യു.എ.ഇ.യിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് യു.എ.ഇ കോൺസുലേറ്റ് മുഖേന തുടങ്ങിയ പദ്ധതി യൂണിടാക് ബിൽഡേഴ്‌സാണ് ഏറ്റെടുത്തത്. മാനേജിംഗ് പാർട്ണർ സന്തോഷ് ഈപ്പൻ പലർക്കായി 4.40 കോടി കൈക്കൂലി നൽകിയെന്നാണ് ഇ.ഡി കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 20ന് ലൈഫ് മിഷൻ ടെക്‌നിക്കൽ ടീം ഫ്‌ളാറ്റിലെ ഓരോ ബ്ലോക്കിലും പരിശോധന നടത്തി കെട്ടിടങ്ങൾക്ക് ബലക്ഷയമില്ലെന്ന് കണ്ടെത്തി. 97,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ 140 ഭവനങ്ങളും, 4000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആശുപത്രി സമുച്ചയവും പൂർത്തിയാക്കാൻ 20 കോടിയും, റോഡ്, സംരക്ഷണ ഭിത്തി, കുടിവെള്ള പദ്ധതി, വൈദ്യുതി എന്നിവ സജ്ജമാക്കാനായി 10 കോടിയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

ആശുപത്രിയുടെ ഗ്ലാസ് ഭിത്തി തകർത്തു

വടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്‌ളാറ്റിന്റെ സമീപത്തുള്ള ആശുപത്രി കെട്ടിടത്തിലെ ലക്ഷങ്ങൾ വിലവരുന്ന ഭീമൻ ഗ്ലാസ് ഭിത്തികൾ അടിച്ചുതകർത്ത നിലയിൽ. ഗ്ലാസുകൾ ഉറപ്പിച്ചിരുന്ന മെറ്റൽ ചാനലും കടത്തി. നേരത്തെ കെട്ടിടത്തിന്റെ ചുമർ ഇടിച്ചുതകർത്തതായി കണ്ടെത്തിയിരുന്നു. ഒരു കാലത്ത് ഭരണ പ്രതിപക്ഷ നേതാക്കളുടെ നിത്യസന്ദർശന കേന്ദ്രമായിരുന്ന കെട്ടിടത്തിലേക്ക് ഇപ്പോൾ ആരുംതിരിഞ്ഞ് നോക്കുന്നില്ല.