ജാതി നിലനിൽക്കുവോളം സാമൂഹ്യ നീതിക്കായി ശബ്ദിക്കും: വെള്ളാപ്പള്ളി നടേശൻ

Sunday 12 October 2025 12:38 AM IST

നെടുമങ്ങാട്: വൈക്കം സത്യഗ്രഹ സമരത്തിന് കാരണമായത് ഗുരുദേവനെ തടഞ്ഞതാണെന്നും രാഷ്ട്രീയപാർട്ടികൾ ഈ ചരിത്രസത്യം മറന്നു സംസാരിക്കുമ്പോൾ അതു തുറന്നുപറയാൻ ധൈര്യം കാണിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര്യനാട്, നെടുമങ്ങാട് യൂണിയനുകളുടെ ശാഖാ നേതൃസംഗമം ഉഴമലയ്ക്കൽ പി.ചക്രപാണി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി വ്യവസ്ഥിതിയും സംവരണവും നിലനിൽക്കുന്നിടത്തോളംകാലം യോഗത്തിന്റെ കസേരയിലിരുന്ന് സാമൂഹ്യനീതിവേണ്ടി സംസാരിക്കും. ഈഴവ,പിന്നാക്ക,ദളിത് വിഭാഗങ്ങൾക്ക് സാമ്പത്തികവിദ്യാഭ്യാസ നീതി ലഭിക്കുന്നില്ല. രാജ്യത്തിന്റെ സമ്പദ്ഘടന ന്യൂനപക്ഷങ്ങൾ തട്ടിയെടുക്കുന്നത് മനസ്സിലാക്കിയിട്ടും ഇടതുവലത് കക്ഷികൾക്ക് മിണ്ടാട്ടമില്ല. മലബാറിൽ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് ഞാൻ പ്രതികരിച്ചത്. എന്നാലതിനെ മുസ്ലീം വിരോധമാക്കിമാറ്റി എന്നെ ക്രൂശിക്കാനും വ്യക്തിപരമായി അധിക്ഷേപിക്കാനുമാണ് സംഘടിതമായ നീക്കങ്ങൾ. ചില സമുദായ നേതാക്കൾ മതേതരത്വത്തെപ്പറ്റി സംസാരിക്കുകയും പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ്. ഇതൊന്നും മതവിദ്വേഷമായി ആരും കാണുന്നില്ല. ലീഗിനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് കോൺഗ്രസ് സംസ്‌കാരത്തിന് യോജിക്കാത്ത തരത്തിലാണ് പ്രവർത്തിക്കുന്നത്. ആർ.ശങ്കറിനു ശേഷം ഇതുവരെ അർഹിക്കുന്ന പരിഗണന സമുദായത്തിന് ലഭിച്ചിട്ടില്ല. കാലാകാലങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ന്യൂനപക്ഷങ്ങൾ മുഴുവൻ ആനുകൂല്യങ്ങളും തട്ടിയെടുക്കുകയായിരുന്നു.

എല്ലാദേവസ്വം ക്ഷേത്രങ്ങളിലും കൊള്ളയാണ് നടക്കുന്നത്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമുദായാംഗങ്ങൾ കൂടുതൽ സീറ്റുകൾ നേടാൻ ശ്രമിക്കണമെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സന്ദേശം നൽകി. ആര്യനാട് നെടുമങ്ങാട് യൂണിയനുകളുടെ ഉപഹാരം യൂണിയൻ നേതാക്കൾ വെള്ളാപ്പള്ളിക്ക് സമർപ്പിച്ചു. യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ,പത്തനംതിട്ട യൂണിയൻ സെക്രട്ടറി കെ.പത്മകുമാർ,സിനിൽ മുണ്ടപ്പള്ളി,പച്ചയിൽ സന്ദീപ്,ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ്,സെക്രട്ടറി നെടുമങ്ങാട് രാജേഷ്,ആര്യനാട് യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,യൂണിയൻ കൗൺസിലർമാർ എന്നിവർ സംസാരിച്ചു.

അഭിനവ ബുദ്ധിജീവികളെയും എഴുത്തുകാരെയും

തിരിച്ചറിയണം: തുഷാർ

നെടുമങ്ങാട്: ഗുരുദേവൻ ഹിന്ദു ആചാരങ്ങൾക്ക് എതിരായിരുന്നു,മതപരിവർത്തനത്തിന് അനുകൂലമായിരുന്നു എന്നിങ്ങനെയുള്ള തെറ്റായ വ്യാഖ്യാനങ്ങളെ നമ്മൾ കരുതിയിരിക്കണമെന്നും ഗുരുദേവ ദർശനത്തെ വളച്ചൊടിക്കാനാണ് ബുദ്ധിജീവികളും എഴുത്തുകാരും പരിശ്രമിക്കുന്നതെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഉഴമലയ്ക്കലിൽ ആര്യനാട്,നെടുമങ്ങാട് ശാഖാ നേതൃസംഗമത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ചെയ്യാൻ ഗുരുദേവൻ പറഞ്ഞു,വ്യവസായം ചെയ്യാൻ പറഞ്ഞു.അതുകൊണ്ട് നിങ്ങളെല്ലാം അതു പാലിക്കണമെന്ന് ഏതെങ്കിലും ബുദ്ധിജീവിയോ എഴുത്തുകാരനോ നേതാവോ നമ്മളോടു പറയുന്നുണ്ടോ? ഗുരുദേവനെ തന്നെ ഒരു സാധാരണ സാമൂഹ്യ പരിഷ്‌കർത്താവായി, വിപ്ലവകാരിയായി നമ്മുടെ മുന്നിൽ വരച്ചുകാട്ടാൻ അവർ മത്സരിക്കുകയാണ്. അവരുടെ ഉള്ളിലിരുപ്പ് വ്യക്തല്ലേ?പ്രത്യക്ഷത്തിൽ ദൈവത്തിന്റെ കൈകൊണ്ട് ലോകത്തിലുണ്ടായിട്ടുള്ള ഒരേയൊരു പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. സമുദായം ഒറ്റക്കെട്ടായി ഈ മഹാപ്രസ്ഥാനത്തിന് പിന്നിൽ അണിനിരന്നാൽ ഉണ്ടാകുന്ന അപകടം അവർക്ക് നന്നായി അറിയാം. സംഘടന ചിന്നഭിന്നമാണെന്ന് വരുത്തിത്തീർക്കാനാണ് ഒരുവിഭാഗം മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ശ്രമം. എണ്ണയിട്ട യന്ത്രം പോലെ മുന്നോട്ടുകുതിക്കുന്ന യോഗം 15000 കോടി മൈക്രോഫിനാൻസ് വഴി അംഗങ്ങളിലെത്തിച്ചെന്നും തുഷാർ ചൂണ്ടിക്കാട്ടി.

സംഘടനാക്കരുത്തിന്റെ നേർസാക്ഷ്യമായി നേതൃസംഗമം

നെടുമങ്ങാട്: നേതൃസംഗമം മലയോര മേഖലയിൽ സംഘടനാക്കരുത്തിന്റെ നേർസാക്ഷ്യമായി. വനിതായൂത്ത് മൂവ്‌മെന്റ് അംഗങ്ങളുൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ ഉഴമലയ്ക്കൽ ചക്രപാണിപുരത്തേക്ക് ഒഴുകിയെത്തി. വിശാലമായ ഓഡിറ്റോറിയത്തിന് പുറമെ ശ്രീലക്ഷ്മീമംഗലം ദേവീ ക്ഷേത്രവളപ്പിൽ രണ്ടു പന്തലുകൾ കൂടി ഒരുക്കിയിട്ടും തിങ്ങിനിറഞ്ഞ പ്രവർത്തകരുടെ നിര റോഡിലേക്കും നീണ്ടു. എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വീഡിയോ പ്രദർശനവും യോഗം നേതൃസ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കർമ്മോജ്ജ്വലമായ ജീവിതാനുഭവങ്ങളുടെ ദൃശ്യാവിഷ്‌കാരവും പ്രവർത്തകരെ ആവേശഭരിതരാക്കി.