ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം,​ നടൻ ജയകൃഷ്ണനെതിരെ കേസെടുത്തു

Saturday 11 October 2025 11:41 PM IST

മംഗളൂരു: ടാക്സി ഡ്രൈവർക്കെതിരെ വർ‌ഗീയ പരാമർശം നടത്തിയതിന് ചലച്ചിത്ര നടൻ ജയകൃഷ്ണനെതിരെ കേസ്. ജയകൃഷ്ണനടക്കം മൂന്ന് പേർക്കെതിരെയാണ് കർണാടക ഉർവ പൊലീസ് കേസെടുത്തത്. ടാക്സി ഡ്രൈവർ അഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് കേസെടുത്തത്.

ഒക്ടോബർ ഒൻപതിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മംഗളൂരുവിൽ നടൻ ജയകൃഷ്ണനും സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമൽ എന്നിവരും യാത്രക്കായി ഊബർ ടാക്സി വിളിച്ചിരുന്നു. പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കാൻ ടാക്സി ഡ്രൈവർ ആപ്പ് വഴി അവരെ ബന്ധപ്പെട്ടു,​. സംസാരത്തിനിടെ ജയകൃഷ്ണൻ ഹിന്ദിയിൽ വർഗീയ പരാമർശം നടത്തിയതായി പരാതിയിൽ പറയുന്നു. വർഗീയ പരാമർശത്തെ ഡ്രൈവർ ചോദ്യം ചെയ്യുകയും ചെയ്തു. തന്റെ മാതാവിനെതിരെ മലയാളത്തിൽ അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തുവെന്നും ഡ്രൈവറുടെ പരാതിയിലുണ്ട്.