വേദനിക്കുന്നവർക്ക് സാന്ത്വനമേകി ഗായകൻ ജി. വേണുഗോപാലിന്റെ ഗാനാലാപനം
തിരുവനന്തപുരം: 'ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു.'..വേദിയിൽ ഗായകൻ ജി.വേണുഗോപാൽ ഗാനം ആലപിച്ചപ്പോൾ സ്നേഹ സാന്ത്വനമേറ്റുവാങ്ങാനെത്തിയ കുട്ടികളും മുതിർന്നവരും തങ്ങളുടെ ശാരീരിക പരിമിതികളെ മറന്നു. പാലിയം ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വേളി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ലോക സാന്ത്വന പരിചരണദിനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജി.വേണുഗോപാൽ. ചടങ്ങിൽ ജി. വേണുഗോപാൽ,പാലിയം ഇന്ത്യ ചെയർമാൻ ബിനോദ് ഹരിഹരൻ,ആൾ കേരള വീൽചെയർ റൈറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സിന്ധു സുദേവൻ, ഫ്രാൻസിസ് ഏണസ്റ്റ്,രാജേഷ് കാട്ടായിക്കോണം എന്നിവർ ഭദ്രദീപം തെളിച്ചു.
'വേദന, വേദന ലഹരിപിടിക്കും വേദന ഞാനതിൽ മുഴുകട്ടെ, മുഴുകട്ടെ, മമ ജീവനിൽ നിന്നൊരു മുരളീമൃദുരവമൊഴുകട്ടെ... ' എന്ന ചങ്ങമ്പുഴയുടെ വരികളാലപിച്ചാണ് ഗായകൻ വേദിയിൽ നിന്നിറങ്ങിയത്.
ആയിരത്തിധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. കുട്ടികളുടെയും മുതിർന്നരുടെയും കലാപ്രകടനങ്ങളും നടന്നു. വീൽചെയറിലായ മനുഷ്യർക്കുവേണ്ടി വേളി ടൂറിസ്റ്റ് വില്ലേജിൽ ഔട്ടിംഗും ഒരുക്കി.
പാലിയം ഇന്ത്യയുടെ ഗുണഭോക്താക്കളും ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഒത്തുചേർന്ന ആഘോഷത്തിൽ സ്ഥാപക ചെയർമാൻ ഡോ.എം.ആർ. രാജഗോപാൽ ഓൺലൈനായി സന്ദേശം കൈമാറി.
ജില്ലാകളക്ടർ അനുകുമാരി മുഖ്യാതിഥിയായി. ശ്രവണസഹായി,ബാക്ക് റെസ്റ്റ് എന്നിവ
പി.എം.കുര്യാക്കോസ് അവാർഡ് അഞ്ജിത,ആനി രാജ്,പ്രണവ്.ബി,ശ്രീശാന്ത് തുടങ്ങിയവർക്ക് വിതരണം ചെയ്തു.