കുടപ്പനക്കുന്നിൽ അമ്മാവനെ ക്രിക്കറ്റ് ബാറ്റ് ‌കൊണ്ട് അടിച്ചുകൊന്ന സംഭവം; മരുമകൻ അറസ്റ്റിൽ

Sunday 12 October 2025 12:53 AM IST

തിരുവനന്തപുരം: വസ്തുക്കൾ എഴുതി നൽകാത്തതിലുള്ള വൈരാഗ്യത്തിൽ കുടപ്പനക്കുന്ന് അമ്പഴംകോടിന് സമീപം അമ്മാവനെ മരുമകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. പുതുച്ചിയിൽ പുത്തൻവീട്ടിൽ സുധാകരനെയാണ്(80) മരുമകൻ രാജേഷ്(41) അടിച്ചുകൊന്നത്. സുധാകരന്റെ സഹോദരിയുടെ മകനാണ് രാജേഷ്. പ്രതിയെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സുധാകരനും രാജേഷും രാജേഷിന്റെ സഹോദരനും ഇയാളുടെ മൂന്നുമക്കളും കുടപ്പനക്കുന്നിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട സുധാകരനും രാജേഷും അവിവാഹിതരാണ്. സ്ഥിരമായി രാജേഷ് മദ്യപിച്ചെത്തി സുധാകരനെ മർദ്ദിക്കാറുണ്ടായിരുന്നു. സുധാകരന്റെ മറ്റൊരു സഹോദരിയായ വിനോദിനി അഞ്ചു ദിവസം മുമ്പാണ് മരിച്ചത്. സംഭവദിവസമാണ് അതിന്റെ മരണാനന്തര ചടങ്ങുകൾ നടന്നത്. രാജേഷ് സുധാകരനെ കൊല്ലുമെന്ന് മുറവിളികൂട്ടി തടി ബാറ്റുകൊണ്ട് തലയിലും മുതുകിലും അടിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വെള്ളിയാഴ്ചയും ഇയാൾ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. ബഹളംകേട്ട് രാജേഷിന്റെ സഹോദരനും മക്കളും മുറിയിൽ കയറി വാതിലടച്ചിരുന്നതിനാൽ കൊലപാതക വിവരം പുറത്തറിഞ്ഞില്ല.

രാജേഷ് പുലരുംവരെ കാത്തിരുന്ന ശേഷം ഇന്നലെ രാവിലെ മൃതദേഹത്തിലെ രക്തം കഴുകാൻ പുറത്തെടുക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകം പുറത്ത് അറിയാത്തവിധം മൃതദേഹം സംസ്കരിക്കാനായിരുന്നു ശ്രമം. എന്നാൽ, പൊലീസെത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണത്തിൽ മണ്ണന്തലയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും. തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് നിഗമനം.

നിലവിൽ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്. സി.ഐ കണ്ണൻ, എസ്.ഐ വിപിൻ, എസ്.സി.പി.ഒ പ്രദീപ്, അനീഷ് , ഷൗക്കത്ത് അലി, അരുൺ തുടങ്ങിയവർ കേസിന് നേതൃത്വം നൽകി.

രാജേഷ് സ്ഥിരം പ്രതി

മണ്ണന്തല സ്റ്റേഷൻ പരിധിയിൽ വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്. ക്രിമിനൽ ലിസ്റ്റിലും പേരുണ്ട്. ജയിൽവാസം അനുഭവിച്ച് വരികയായിരുന്ന ഇയാൾ കുറച്ചു മാസങ്ങൾക്കു മുമ്പാണ് പുറത്തിറങ്ങിയത്. കഴിഞ്ഞമാസം രാജേഷിന്റെ എതിർ സംഘത്തിൽപ്പെട്ടവർ ഇവരുടെ വീട് ആക്രമിച്ചിരുന്നു. സംഘം വീടിനു നേരെ പലതവണ പടക്കമെറിഞ്ഞു. പുറത്തു നിറുത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.