നവജാതശിശുക്കൾക്ക് ചൂട് നൽകാൻ വാർമർ യൂണിറ്റ്

Sunday 12 October 2025 1:56 AM IST

തിരുവനന്തപുരം: കെൽട്രോൺ വികസിപ്പിച്ച 'റേഡിയന്റ് ബേബി വാർമർ യൂണിറ്റ്' ബയോ കണക്ട് കോൺക്ലേവിലും ശ്രദ്ധ നേടുന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഉപകമ്പനിയായ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്കും ബയോ 360 ലൈഫ് സയൻസസ് പാർക്കും ചേർന്നാണ് കോവളം ഹോട്ടൽ ലീലാ റാവിസിൽ ബയോ കണക്ട് സംഘടിപ്പിക്കുന്നത്. നവജാത ശിശുക്കൾക്ക് ശരീരത്തിൽ ആവശ്യമായ താപനില ക്രമീകരിക്കുന്ന ഉപകരണമാണ് റേഡിയന്റ് ബേബി വാർമർ യൂണിറ്റ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഉപകരണത്തിലെ റേഡിയേഷൻ ഹീറ്റ് സോഴ്സിൽ നിന്ന് കുഞ്ഞിന് ആവശ്യമായ താപനില ലഭിക്കും. കുഞ്ഞിന്റെ ശരീരത്തിൽ ഘടിപ്പിച്ച സെൻസറുകൾ വഴി താപനില ശരിയാണെന്ന് ഉറപ്പാക്കാം. പുറത്ത് നിന്ന് താപനില നിരീക്ഷിക്കാം. റിഫ്ലക്ടറും സേഫ്റ്റി മെഷും ഉപകരണത്തിൽ ഉൾപ്പെടുന്നു. നിലവിൽ ഉപകരണം ക്ലിനിക്കൽ ട്രയലിലാണ്. സർട്ടിഫിക്കേഷൻ ലഭിച്ചാൽ നിർമ്മാണം ആരംഭിക്കും. ആശുപത്രികളിലെ ബേബി ഐ.സി യൂണിറ്റുകളിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ഉപയോഗിക്കാം.

ഇൻഫന്റ് വാർമിംഗ് റാപ്പർ

ആശുപത്രികളിൽ നിന്ന് ഡിസ്ചാർജായാലും കുട്ടികൾക്ക് ഇടയ്ക്ക് പനി വരാം. ഉൾപ്രദേശങ്ങളിലുള്ളവർക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പെട്ടെന്നെത്താൻ പറ്റാതെ വരുന്ന സാഹചര്യവുമുണ്ട്. ഇതിനായി നിർമ്മിച്ചതാണ് 'ഇൻഫന്റ് വാർമിംഗ് റാപ്പർ' സംവിധാനം. കാഴ്ചയിൽ കമ്പിളിപ്പുതപ്പ് പോലെ. പ്രവർത്തനം ബാറ്ററിയിൽ. ഇൻഫ്രാറെഡ് എൽ.ഇ.ഡിയിൽ നിന്ന് പുറപ്പെടുവിക്കുന്ന ഇൻഫ്രാറെഡ് ലൈറ്റ് വഴി കുഞ്ഞിന്റെ ശരീരത്തിൽ ചൂട് ലഭിക്കും. ഒരു നിശ്ചിത താപനില ആദ്യമേ ക്രമീകരിക്കാം. ഇത് ശരിയാണെന്ന് ഉറപ്പാക്കാൻ നാലു സെൻസറുകളുണ്ട്. പുറത്തുപോകുമ്പോൾ പുതപ്പിലെന്ന പോലെ കുഞ്ഞിനെ റാപ്പറിൽ കിടത്താം. ഭാരം കുറവാണ്. വൃത്തിയാക്കാനും എളുപ്പം. മാസം തികയാതെ പ്രസവിക്കുന്നതും ഭാരം കുറവുള്ളതുമായ കുട്ടികൾക്ക് ഇത് സഹായകമാകും. ശരീരത്തിൽ താപനില കുറഞ്ഞ അവസ്ഥയായ ഹൈപ്പോതെർമിയ ഉള്ള കുട്ടികൾക്കും ഉപയോഗിക്കാം.