തോടിന് സുരക്ഷാവേലിയില്ല,​ ആശങ്കയിൽ ജനങ്ങൾ

Sunday 12 October 2025 12:58 AM IST

തിരുവനന്തപുരം: പവർ ഹൗസ് റോഡിൽ ആമയിഴഞ്ചാൻ തോടിനോട് ചേർന്നുള്ള ഭാഗത്ത് സുരക്ഷാവേലിയില്ലാത്തത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ഇവിടെ സുരക്ഷാവേലി നശിച്ചിട്ട് നാലുവർഷമായി. പരാതി നൽകുമ്പോൾ തോടിന് മുകളിൽ നെറ്റ് സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ പറയുമെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ ഈ വഴി കടന്നുപോകുന്നതിനാൽ തോട് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.എന്നാൽ കാലൊന്ന് തെറ്റിയാൽ തോട്ടിലേക്ക് വീഴാനുള്ള സാദ്ധ്യത കൂടുതലാണ്.

സ്‌കൂൾ ബസിറങ്ങി കുട്ടികൾ നടന്നുവരുമ്പോൾ നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.

തോടിനോട് ചേർന്നുള്ള റോഡിന്റെ ഭാഗത്ത് പല സ്ഥലങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ആ ഭാഗങ്ങൾ പൊട്ടിപ്പൊളിയുന്നതിനാൽ അവിടം വീതികൂടി തോട്ടിലേക്ക് വീഴാനുള്ള സാദ്ധ്യതയുമുണ്ട്.

അടിയന്തരമായി ഈ ഭാഗത്ത് സുരക്ഷാഭിത്തി നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

മഴക്കാലം പേടിയോടെ

മഴക്കാലത്ത് ഭീതിയോടെയാണ് കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.മഴയത്ത് തോട്ടിലെ വെള്ളമുയർന്ന് റോഡൊപ്പമാകും. അപ്പോൾ തോട്ടിലെ മാലിന്യങ്ങളും റോഡിലേക്ക് കയറും.ഇതിൽ പ്ളാസ്റ്റിക് മുതൽ സ്വീവേജ് ടാങ്കുകളിലെ മാലിന്യം വരെയുണ്ട്.പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

നാട്ടുകാർ പറയുന്നു

12 പേർ ഇതുവരെ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്

ഈ ഭാഗത്തെ സുരക്ഷാവേലി നശിച്ചിട്ട് 4 വർഷം

തോട്ടിൽ വന്നടിയുന്ന മാലിന്യങ്ങളുടെ ദുർഗന്ധം അസഹനീയം

പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷം

തോട്ടിൽ നിന്ന് വരുന്ന ദുർഗന്ധം കാരണം സമീപത്ത് ഇരിക്കാൻ പലപ്പോഴും കഴിയാറില്ല.

അധികൃതരോട് പറഞ്ഞിട്ട് ഒരു മാറ്റവുമില്ല. അവർക്കിതെല്ലാം നിസാര കാര്യങ്ങളാണ്.

സുധാകരൻ,​ഓട്ടോ ഡ്രൈവർ