ബംഗാളിൽ സ്ത്രീ സുരക്ഷ തുലാസിൽ, മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായി
ന്യൂഡൽഹി: ജൂനിയർ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം. ഒഡീഷ സ്വദേശിയായ 23കാരി സ്വകാര്യ മെഡിക്കൽ കോളേജ് ക്യാമ്പസിൽ കൂട്ട മാനഭംഗത്തിനിരയായി. ദുർഗാപൂരിലെ ശോഭാപൂരിലാണ് സംഭവം.
രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ ആരും അറസ്റ്രിലായിട്ടില്ല. സംഭവത്തെത്തുടർന്ന് സംസ്ഥാനമൊട്ടാകെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനായി ആൺസുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്ത് പോയതാണ് യുവതി. കോളേജ് ഗേറ്റിനടുത്ത് വച്ച് മൂന്ന് പേരടങ്ങിയ സംഘം പിന്തുടർന്നതോടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. യുവതി ഓടിയെങ്കിലും അക്രമികൾ പിടികൂടി വനപ്രദേശത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം തിരികെ നൽകാൻ 3000 രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലും ഞെട്ടലിലുമാണ് യുവതിയെന്ന് അധികൃതർ അറിയിച്ചു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മെഡിക്കൽ കോളേജ് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചുവരികയാണ്.
അന്വേഷണം നടക്കുകയാണെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബംഗാൾ പ്രിൻസിപ്പൽ ആരോഗ്യ സെക്രട്ടറി നാരായൺ സ്വരൂപ് നിഗം പറഞ്ഞു. സംഭത്തിൽ കോളേജ് പ്രിൻസിപ്പൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.
രാജ്യത്തെ ഞെട്ടിച്ച
ആർ.ജി. കർ
കഴിഞ്ഞ വർഷം ആഗസ്റ്രിലാണ് കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടർന്ന് രാജ്യമെമ്പാടും വൻ പ്രതിഷേധങ്ങളുയർന്നു. പ്രതി സഞ്ജയ് റോയ്‌യെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ജൂണിൽ കൊൽക്കത്തയിലെ നിയമ വിദ്യാർത്ഥിനിയെ കോളേജിലെ മുൻ വിദ്യാർത്ഥിയും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി നേതാവ് കൂടിയുൾപ്പെട്ടതായിരുന്നു ഈ കേസ്. അന്വേഷണത്തിലും വിധിന്യായങ്ങളിലും കാലതാമസം ഉണ്ടാകുന്നത് കുറ്റവാളികൾക്ക് ധൈര്യം പകരുന്നതായി ദേശീയ വനിതാ കമ്മിഷൻ അംഗം അർച്ചന മജുംദാർ പറഞ്ഞു.
സുഹൃത്ത് ഓടിപ്പോയത്
ദുരൂഹം
ക്യാമ്പസിൽ മതിയായ സുരക്ഷയില്ലെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ ഗുരുതരാവസ്ഥയിലായ മകളെയാണ് കണ്ടത്. മെഡിക്കൽ കോളേജ് അധികാരികളിൽ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. മകൾക്ക് നീതി ലഭിക്കണം. സുഹൃത്ത് മകളെ ഒറ്റയ്ക്കാക്കി ഓടിക്കളഞ്ഞതിൽ ദുരൂഹതയുണ്ട്. ഒരു കുട്ടിക്കും ഇത്തരം അനുഭവമുണ്ടാകരുത്. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.