മീൻ, മഖാന, ​വെറ്റില; ബീഹാറിലെ താരങ്ങൾ

Sunday 12 October 2025 12:25 AM IST

ന്യൂഡൽഹി: ബീഹാറിലെ നിത്യജീവിതത്തിന്റെയും ഉപജീവനത്തിന്റെയും മുഖ്യഭാഗമായ മീൻ,താമരവിത്ത്,വെറ്രില എന്നിവ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാണ്. ബീഹാറി ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് മീൻ. പ്രത്യേകിച്ചും വടക്കൻ ബീഹാറിലെ ദർദംഗ, സമസ്‌തിപൂർ, മുസാഫ‌ർപൂർ മേഖലകളിലെ ജനങ്ങൾ അധികവും ഉപയോഗിക്കുന്നത് ചോറും മീൻ വിഭവങ്ങളുമാണ്. ഗ്രാമങ്ങളിൽ വിവാഹമായാലും ഛഠ് പൂജയായാലും ചോറും മീൻകറിയും പ്രധാനം. ആയിരകണക്കിന് കുടുംബങ്ങൾക്ക് മത്സ്യബന്ധമാണ് ഏക ഉപജീവനമാർഗം. നിർണായക വോട്ടുബാങ്കുകളിൽ ഒന്നായ നിഷാദ് വിഭാഗത്തിൽപ്പെട്ടവരാണ് ഏറെയും മത്സ്യത്തൊഴിലാളികൾ. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ 9.6 ശതമാനമുള്ള ഇവരുടെ പിന്തുണ വിജയത്തിൽ നിർണായകം. എൻ.ഡി.എയും, 'ഇന്ത്യ" മുന്നണിയും നിരവധി വാഗ്ദാനങ്ങൾ നൽകി ഇവരുടെ വോട്ട് ഉറപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ്. 'ഇന്ത്യ" മുന്നണിയിലെ വികാസ്ശീൽ ഇൻസാൻ പാ‌ർട്ടി നേതാവ് മുകേഷ് സാഹ്നി,​ താൻ നിഷാദ് വിഭാഗത്തിലെ ഉപജാതിയായ മല്ല വിഭാഗക്കാരനാണെന്ന് പരസ്യമായി പറയുന്നു. മീനിന് ന്യായവില ഉറപ്പാക്കും, കൂടുതൽ മീൻ ചന്തകൾ നി‌‌ർമ്മിക്കും, മീൻവളർത്തലിന് കുളങ്ങൾ നിർമ്മിക്കാൻ സാമ്പത്തിക സഹായം നൽകും തുടങ്ങിയ ഉറപ്പുകളാണ് രാഷ്ട്രീയ പാ‌ർട്ടികൾ മുന്നോട്ടുവയ്‌ക്കുന്നത്. മീനും കൂട്ടി വോട്ടർമാർക്കൊപ്പം ഭക്ഷണം കഴിച്ച് 'നിങ്ങൾക്കൊപ്പമുണ്ട്" എന്ന സന്ദേശവും നൽകുന്നു.

മഖാന എന്ന താമരവിത്ത്

മിഥില മേഖലയുടെ അഭിമാനമായാണ് 'മഖാന"യെ കണക്കാക്കുന്നത്. അവിടെ കുളങ്ങളിൽ വളർത്തുന്ന താമരയിലെ വിത്തുകൾ ഏറെ ജനപ്രിയം. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമാണിത്. നിതീഷ് കുമാർ സർക്കാർ ദർഭംഗയിൽ മഖാന റിസർച്ച് സെന്റർ ആരംഭിച്ചിരുന്നു. പ്രോട്ടീനും ഫൈബറും കൂടുതലുള്ള വറുത്തെടുത്ത താമരവിത്തുകൾ ലഘുഭക്ഷണമായും സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നു. കറികളിലുമിടാറുണ്ട്. ബീഹാറി സംസ്‌കാരത്തിന്റെ ഭാഗമാണ് പാൻ. മുക്കിലും മൂലയിലും പാൻ ഷോപ്പുകൾ കാണാം. വെറ്റില ഉത്പാദനം സെൻട്രൽ ബീഹാറിലെ മഗധ മേഖലയിലെ ആയിരകണക്കിന് കുടുംബങ്ങളുടെ വരുമാനമാർഗമാണ്. മീൻ,താമരവിത്ത്,വെറ്രില എന്നിവയിലൂടെ 8000 കോടിയുടെ വ്യാപാരമാണ് ബീഹാറിൽ നടക്കുന്നത്. അടുത്തിടെ നടന്ന സ്വകാര്യ സർവേയിൽ മത്സ്യബന്ധന മേഖലയിൽ 15 ലക്ഷം പേരും മഖാന ഉത്പാദനത്തിൽ 3 ലക്ഷവും പാൻ മേഖലയിൽ 2 ലക്ഷം പേരും പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ആ വോട്ടുബാങ്കാണ് രാഷ്ട്രീയപാർട്ടികൾ കണ്ണുവയ്‌ക്കുന്നതും.