ബീഹാർ: എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡൽഹി: ബീഹാറിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഇടഞ്ഞുനിൽക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ (എച്ച.എ.എം) ജിതൻ റാം മാഞ്ചി, ലോക്ജൻശക്തി പാർട്ടി (രാംവിലാസ്) നേതാവ് ചിരാഗ് പാസ്വാൻ എന്നിവരെ അനുനയിപ്പിക്കാൻ ഇന്നലെ ഡൽഹിയിൽ നിർണായക ചർച്ചകൾ നടന്നു. എൻ.ഡി.എ സ്ഥാനാർത്ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ജയ്സ്വാൾ ഇന്നലെ അറിയിച്ചു. എൻ.ഡി.എയിൽ ഭിന്നതയില്ലെന്നും വ്യക്തമാക്കി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ വസതിയിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ എൻ.ഡി.എയിലെ പ്രധാന നേതാക്കൾ പങ്കെടുത്തു. 243 അംഗ നിയമസഭയിലേക്ക് 40ൽപ്പരം സീറ്റുകൾ ചിരാഗ് പാസ്വാൻ ചോദിച്ചുവെന്നാണ് വിവരം. ജിതൻ റാം മാഞ്ചി 15 സീറ്റും. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരുനേതാക്കൾക്കും മേൽ നേതാക്കൾ സമ്മർദ്ദം ചെലത്തിയെന്നാണ് സൂചന. ജെ.ഡി.യു 102 സീറ്റിലും, ബി.ജെ.പി 101 സീറ്റുകളിലേക്കും മത്സരിച്ചേക്കും.
മാന്യമായി പരിഗണിക്കപ്പെടണം
മാന്യമായ രീതിയിലുള്ള സീറ്രെണ്ണമാണ് പ്രതീക്ഷിക്കുന്നതെന്നും, ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നുമാണ് ജിതൻ റാം മാഞ്ചിയുടെ നിലപാട്. മുന്നണിയിൽ ഭിന്നതയില്ലെന്നും സീറ്റ് വീതംവയ്പ്പിൽ അസ്വസ്ഥനല്ലെന്നും ചിരാഗ് പാസ്വാൻ പ്രതികരിച്ചു. നവംബർ 6, 11 തീയതികളിലാണ് വോട്ടെടുപ്പ്. നവംബർ 14ന് വോട്ടെണ്ണും.
അഞ്ചു സീറ്റുകളിൽ ഉടക്കി
കോൺഗ്രസും ആർ.ജെ,ഡിയും
'ഇന്ത്യ" മുന്നണിയിലെ പാർട്ടികൾ ബീഹാറിൽ മഹാസഖ്യമെന്ന നിലയിലാണ് മത്സരിക്കുന്നത്. ബയ്സി, ബഹാദൂർഗഞ്ച്, റാണിഗഞ്ച്, കഹൽഗാവ്, സഹർസ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസും ആർ.ജെ.ഡിയും തമ്മിൽ ധാരണയിലെത്തിയിട്ടില്ല. ഇന്നലെ പാട്നയിൽ ആർ.ജെ.ഡിയുടെ ഉന്നതതല യോഗം ചേർന്നു. ഒരുവിഭാഗം ആർ.ജെ.ഡി എം.എൽ.എമാരും എം.പിമാരും ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. രണ്ട് ആർ.ജെ.ഡി എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. അമേഠിയിൽ രാഹുൽ ഗാന്ധി തോറ്രതു പോലെ രാഘോപൂരിൽ തേജസ്വി യാദവും തോൽക്കുമെന്ന് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ പറഞ്ഞു. പ്രചാരണത്തിന് രാഘോപൂരിൽ തുടക്കമിട്ടുകൊണ്ടാണ് പ്രതികരണം. താൻ മത്സരിക്കുമോയെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കിയിട്ടില്ല.