പൊതുഇടങ്ങളിലെ ജാതിപ്പേര് ഒഴിവാക്കാൻ തമിഴ്നാട്, നടപടിയുമായി 12,480 തദ്ദേശസ്ഥാപനങ്ങൾ

Sunday 12 October 2025 12:26 AM IST

ചെന്നൈ: തമിഴ്നാട്ടിൽ പൊതുഇടങ്ങൾക്ക് ജാതി അടിസ്ഥാനത്തിലുള്ള പേരുകൾ ഒഴിവാക്കുന്നു. സർക്കാരിന്റെ നിർദ്ദേശാനുസരണം ഇന്നലെ 12,480 ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനവാസ കേന്ദ്രങ്ങൾ, തെരുവുകൾ, പൊതു ഇടങ്ങൾ, ജലാശയങ്ങൾ എന്നിവയിൽ നിന്ന് ജാതി അടിസ്ഥാനമാക്കിയുള്ള പേരുകൾ നീക്കം ചെയ്യാനും ഉചിതമായ മറ്റ് പേരുകൾ നൽകാനും തീരുമാനിച്ച് പ്രമേയങ്ങൾ പാസാക്കി.

നടപടിക്രമങ്ങൾ ഓൺലൈനിലൂടെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വീക്ഷിച്ചു.

സാമൂഹിക നീതിയും സമത്വവും സ്ഥാപിക്കുന്നതിനായാണ് തന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മോഡൽ സർക്കാർ പ്രവർത്തിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.

'നമ്മ ഊരു, നമ്മ അരസു' (നമ്മുടെ ഗ്രാമം, നമ്മുടെ സർക്കാർ) പദ്ധതി പ്രകാരം, ജനങ്ങൾ അവരുടെ ഗ്രാമങ്ങളുടെ മൂന്ന് നിർണായക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രമേയങ്ങൾ പാസാക്കണം. ഈ ആവശ്യങ്ങൾ ഉടനടി നിറവേറ്റുന്നുവെന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണം.'- സ്റ്റാലിൻ പറഞ്ഞു.

വീഡിയോ കോൺഫറൻസിംഗിലൂടെ ചെങ്കൽപ്പട്ട്, തെങ്കാശി, മധുര, വില്ലുപുരം, തഞ്ചാവൂർ ജില്ലകളിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ളവരുമായി സ്റ്റാലിൻ സംവദിച്ചു. എല്ലാ വീട്ടിലെയും കുട്ടികൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് നാം ഉറപ്പാക്കണം. ആരെങ്കിലും ബാലവേല ചെയ്യിച്ചാൽ കുട്ടികളെ അധികാരികളുടെ സഹായത്തോടെ രക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.