അഫ്ഗാൻ മന്ത്രിയുടെ വാർത്താസമ്മേളനം; വനിതാ മാദ്ധ്യമപ്രവർത്തകരെ വിലക്കിയതിൽ പങ്കില്ലെന്ന് കേന്ദ്രം

Sunday 12 October 2025 12:29 AM IST

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാദ്ധ്യമപ്രവർത്തകരെ വിലക്കിയ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. മുംബയിലെ അഫ്ഗാനിസ്ഥാന്റെ കോൺസുൽ ജനറലാണ് വാർത്താസമ്മേളനത്തിലേക്ക് മാദ്ധ്യമപ്രവർത്തകരെ ക്ഷണിച്ചത്. അഫ്ഗാൻ എംബസി ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിൽ വരുന്നതല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധമറിയിച്ച് പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കരുത്തില്ലെന്ന് വ്യക്തമായതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഇത്രയും വലിയൊരു വിവേചനം നടന്നിട്ടും മൗനം തുടരുന്നത് 'നാരി ശക്തി" മുദ്രാവാക്യത്തിലെ കാപട്യമാണ് വെളിവാക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

രാജ്യത്തെ സ്ത്രീകൾക്കാകെ ഇത് അപമാനമാണെന്നും മോദി നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. താലിബാൻ വിദേശകാര്യ മന്ത്രിക്ക് സ്ത്രീകളെ ഒഴിവാക്കി വാർത്താസമ്മേളനം നടത്താനുള്ള അനുമതി നൽകാൻ കേന്ദ്രസർക്കാരിന് എങ്ങനെ ധൈര്യം വന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ചോദിച്ചു. പുരുഷ മാദ്ധ്യമപ്രവർത്തകർ വാർത്താസമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകണമായിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം പറഞ്ഞു. വെള്ളിയാഴ്ച ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസിയിലായിരുന്നു അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ വാർത്താസമ്മേളനം നടന്നത്. ഇവിടേക്ക് വനിതാ മാദ്ധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല. പല മാദ്ധ്യമപ്രവർത്തകരും സമൂഹമാദ്ധ്യമത്തിലൂടെ പ്രതിഷേധം അറിയിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.

യു.പിയിലും

പ്രവേശിപ്പിച്ചില്ല

ഉത്തർപ്രദേശിൽ അമീർ ഖാൻ മുത്തഖി പങ്കെടുത്ത പരിപാടിയിലും വനിതാ മാദ്ധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല. സഹാറൻപുർ ജില്ലയിലെ ദിയോബന്ദിലുള്ള പ്രശസ്ത ഇസ്ലാമിക സെമിനാരിയായ ദാറുൽ ഉലൂം സന്ദർശനത്തിനായാണ് അമീർ ഖാൻ മുത്തഖി യു.പിയിലെത്തിയത്. ഇന്ത്യയുമായുള്ള മതപരവും വിദ്യാഭ്യാസപരവും നയതന്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്താനുള്ള താലിബാൻ സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് സന്ദർശനം. ആറ് ദിവസത്തെ സന്ദർശനത്തിനായാണ് അമീർ ഖാൻ മുത്തഖി ഇന്ത്യയിലെത്തിയത്.

കടുത്ത വിവേചനം

കടുത്ത വിവേചനമാണെന്നും ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണെന്നും ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് പറഞ്ഞു. വിഷയം അഫ്ഗാൻ എമ്പസിയുമായി ചർച്ച ചെയ്യണമെന്നും ഇത്തരത്തിലുള്ള വിവേചനങ്ങൾ ഭാവിയിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണണെന്നും ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് ഭാരവാഹികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

താലിബാന്റെ സ്ത്രീകളോടുള്ള വിവേചന നയം ഇന്ത്യയിലും നടപ്പാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചു എന്നത് അപലപനീയമാണെന്നും പുരുഷ മാദ്ധ്യമപ്രവർത്തകർ ഇറങ്ങിപ്പോയിരുന്നെങ്കിൽ അത് താലിബാൻ ഭരണകൂടത്തിനും നമ്മുടെ സർക്കാരിനുമുള്ള ശക്തമായ സന്ദേശമാകുമായിരുന്നെന്നും നിരവധി വനിതാ മാദ്ധ്യമപ്രവർത്തകർ പ്രതികരിച്ചു.