ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Sunday 12 October 2025 2:44 AM IST

ശ്രീകൃഷ്ണപുരം: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്ണവിയാണ് (26) മരിച്ചത്. ഭർത്താവ് ദീക്ഷിതിനെ(26) ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. വൈഷ്ണവിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ 9ന് രാത്രി ദീക്ഷിത് ആണ് മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വിവരം ദീക്ഷിത് തന്നെ വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിച്ചു. മരണത്തിൽ സംശയം ബലപ്പെട്ടതോടെ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് വെള്ളിയാഴ്ച രാത്രി ദീക്ഷിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. മണ്ണാർക്കാട് ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ, ശ്രീകൃഷ്ണപുരം സി.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ദരും പരിശോധന നടത്തി. ദാമ്പത്യ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രതിയെ കോടതിയിൽ ഹാജരാക്കി. വൈഷ്ണവിയുടെ അമ്മ: ശാന്ത.