വിദേശത്ത് ഓയിൽ കമ്പനിയിലേക്ക് വ്യാജവിസ നൽകി അഞ്ചരലക്ഷം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

Sunday 12 October 2025 2:46 AM IST

ചേർപ്പ് : അബുദാബിയിലെ സ്വകാര്യ ഓയിൽ കമ്പനിയിലേക്ക് പമ്പ് ഓപ്പറേറ്ററായി ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കാരോട് കടവിള വീട്ടിൽ വിൻസിനെയാണ് (39) തിരുവനന്തപുരത്ത് നിന്നും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.

പാലയ്ക്കലിൽ ചിപ്‌സ് കട നടത്തുന്ന ഗിരീഷ് എന്നയാളെ ഗൾഫിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന തൃശൂരിലെ സ്വകാര്യസ്ഥാപനം വഴി അബുദാബിയിലെ സ്വകാര്യ കമ്പനിയിലേക്ക് പമ്പ് ഓപ്പറേറ്ററായി എടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ കമ്പനിയുടെ ഡയറക്ടറായ വിൻസ് എന്നയാളെ പാലയ്ക്കലുള്ള സ്ത്രീ മുഖാന്തിരം ഫോണിൽ പരിചയപ്പെടുകയും 2022ൽ ഗിരീഷ് 50,000 രൂപ വിൻസിന്റെ അക്കൗണ്ടിൽ നൽകുകയായിരുന്നു. വാട്സ് ആപിൽ വ്യാജരേഖകൾ നൽകിയാണ് ഗിരീഷിനെ പറ്റിച്ചത്.

പിന്നീട് ഗിരീഷിന് പരിചയമുള്ള പ്രിൻസ് എന്നയാളെ അബുദാബിയിലെ കമ്പനിയിലേക്ക് പമ്പ് ഓപ്പറേറ്റർ എന്ന ജോലി രേഖപ്പെടുത്തിയ വിസ അയച്ച് കൊടുത്തു. പിന്നീട് ഗിരീഷ് 3 ലക്ഷം രൂപയും പ്രിൻസ് രണ്ട് ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പിന്നീട് നെടുമ്പാശ്ശേരിയിൽ നിന്നു പോകാനുള്ള എയർടിക്കറ്റും വാട്സ് ആപ്പിൽ അയച്ച് കൊടുത്തു. പിന്നീട് വിദേശയാത്ര ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് ഇവർ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.എസ്.ഷാജൻ , സിവിൽ പൊലീസ് ഓഫീസർമാരായ സി.പി.റിൻസൻ, എം.മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.