രണ്ടംഗ സംഘത്തിന്റെ ആക്രമണം: ഗൃഹനാഥന് ഗുരുതര പരിക്ക്
കൊല്ലം: രണ്ടംഗ സംഘത്തിന്റെ കമ്പിവടി കൊണ്ടുള്ള ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കുഴി അർഷാദ് മൻസിലിൽ ഷാജഹാനാണ് ആക്രണത്തിന് ഇരയായത്. സംഭവത്തിൽ പ്രദേശവാസികളായ ഇർഷാദ്, അൽ അമീൻ എന്നിവർക്കെതിരെ കണ്ണനല്ലൂർ പൊലീസ് കേസെടുത്തു.
ഷാജഹാൻ പറയുന്നത്: തന്റെ മൂത്തമകനും പ്രദേശവാസിയും തമ്മിൽ പള്ളിയിൽ വച്ച് പായസ വിതരണത്തിനിടയിൽ തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന തന്നെ മകനുമായി തർക്കമുണ്ടായ ആളുടെ മകനും സുഹൃത്തും ചേർന്ന് ആക്രമിക്കുകയായിരുന്നു. ബൈക്കിൽ പിന്തുടർന്നെത്തി കമ്പി ടി കൊണ്ടായിരുന്നു ആക്രമണം. തോളിനും കൈയ്ക്കും സാരമായി പരിക്കേറ്റ താൻ ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിലേക്ക് പോകും വഴി ആക്രമിച്ചവരുടെ ബന്ധുക്കൾ തടഞ്ഞുനിറുത്തി കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് എക്സ്റേ എടുക്കാനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
സംഭവ ദിവസം ഷാജഹാന്റെ ഇളയമകനും ഭാര്യയും ഇന്റർവ്യൂവിൽ പങ്കെടുക്കാനായി മലപ്പുറത്ത് പോയിരിക്കുവായിരുന്നു. തർക്കമുണ്ടായവർ വധഭീഷണി മുഴക്കിയിരുന്നതിനാൽ മൂത്തമകന് ഷാജഹാന്റെ അടുത്തേക്ക് എത്താനായില്ല. ബന്ധുവീട്ടിൽ തങ്ങിയ ഷാജഹാന് പിറ്റേന്നായതോടെ വേദന രൂക്ഷമായി. തുടർന്ന് ഭാര്യയും ഇളയ മകനും തൊട്ടടുത്ത ദിവസം മുടങ്ങിയെത്തിയ ശേഷമാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.